
ന്യൂഡൽഹി: നിർബന്ധിത ഡിപ്പാർച്ചർ ഇമിഗ്രേഷൻ ക്ലിയറൻസ് കൂടാതെ മൂന്ന് വിദേശ പൗരന്മാർ ഇന്ത്യയിൽ നിന്ന് മടങ്ങിയതിനെ തുടർന്ന് കേന്ദ്രം എയർ ഇന്ത്യ സിഇഒയെ വിളിപ്പിച്ചതായി റിപ്പോർട്ട്. സുരക്ഷാ, ഇമിഗ്രേഷൻ സംബന്ധമായ "ഗൗരവതരമായ വീഴ്ച" എന്ന് വിശേഷിപ്പിച്ചുകൊണ്ട് സംഭവത്തിൽ സിവിൽ വ്യോമയാന മന്ത്രാലയം എയർ ഇന്ത്യയോട് വിശദീകരണം തേടി.
ഈ മാസം ആദ്യം ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാതെ ഡൽഹിയിൽ നിന്ന് കണക്റ്റിംഗ് ഫ്ലൈറ്റിൽ കയറാൻ മൂന്ന് ഇറ്റാലിയൻ യാത്രക്കാരെ അനുവദിച്ചുവെന്ന ആരോപണത്തിലെ പ്രൊസീജറൽ വീഴ്ചകളിൽ വ്യോമയാന മന്ത്രാലയം എയർ ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് സിഇഒയെ വിളിപ്പിച്ചത്.
സെപ്റ്റംബർ 4-ന് അമൃത്സറിൽ നിന്ന് ഡൽഹിയിലെത്തിയ മൂന്ന് ഇറ്റാലിയൻ പൗരന്മാർ, ഒരു മണിക്കൂറിനുള്ളിൽ നിർബന്ധിത ഇമിഗ്രേഷൻ പരിശോധനയില്ലാതെ ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള കോഡ്ഷെയർ ലുഫ്താൻസ വിമാനത്തിൽ മ്യൂണിക്കിലേക്ക് പുറപ്പെട്ടു. മന്ത്രാലയത്തിന്റെ വിവരമനുസരിച്ച്, എയർ ഇന്ത്യയുടെ ഹബ്-ആൻഡ്-സ്പോക്ക് (hub-and-spoke) പ്രവർത്തനത്തിനിടയിലാണ് സംഭവം ഉണ്ടായത്. ഇത് നിശ്ചിത സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറിന്റെ (SOP) ലംഘനമാണ്.
എയർ ഇന്ത്യ തങ്ങളുടെ ‘ഹബ്-ആൻഡ്-സ്പോക്ക്’ മാതൃകയിൽ സർവീസ് നടത്തുന്ന വിമാനത്താവളങ്ങളിൽ ഒന്നാണ് അമൃത്സർ വിമാനത്താവളം.
ഈ സംവിധാനത്തിന് കീഴിൽ, യാത്രക്കാർ പുറപ്പെടുന്ന വിമാനത്താവളത്തിൽ വെച്ച് ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുകയും തുടർന്ന് നിശ്ചിത ഹബ് വഴി വിദേശത്തേക്ക് യാത്ര ചെയ്യുകയും ചെയ്യുന്നു. അന്താരാഷ്ട്ര ഫ്ലൈറ്റ് പുറപ്പെടുന്ന ഹബ് വിമാനത്താവളത്തിൽ, ബോർഡിംഗിന് മുൻപ് യാത്രക്കാർ സെക്യൂരിറ്റി ചെക്ക് മാത്രം പൂർത്തിയാക്കിയാൽ മതിയാകും. അതായത്, ഒരാൾ അമൃത്സറിൽ നിന്ന് ഡൽഹി വഴി വിദേശത്തേക്ക് യാത്ര ചെയ്യുകയാണെങ്കിൽ, അമൃത്സർ സ്പോക്കും ഡൽഹി ഹബ്ബും ആണ്.







Comments