
ബ്രിക്സ് ഉച്ചകോടിയുടെ തിരക്കുകൾക്കിടയിൽ അപ്രതീക്ഷിത സംഗീതനിമിഷവുമായി മയിലേഷ്യൻ പ്രധാനമന്ത്രി അന്വർ ഇബ്രാഹിം. ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഗാലാ ഡിന്നറിനിടെ ഇതിഹാസ ഗായകൻ കിഷോർ കുമാറിന്റെ പ്രശസ്ത ഹിന്ദി ഗാനം ‘ഖ്വാബ് ഹോ തും യാ കോയി ഹഖീഖത്’ പാടിയാണ് അന്വർ ഇബ്രാഹിം ശ്രദ്ധ നേടിയത്. ഔദ്യോഗിക ചടങ്ങിനിടെ അപ്രതീക്ഷിതമായി അദ്ദേഹം പാട്ടുമായി എത്തിയതോടെ സദസ്സിൽ ആവേശമായി.
ഇന്ത്യൻ സിനിമയോടും ബോളിവുഡ് സംഗീതത്തോടുമുള്ള അന്വർ ഇബ്രാഹിമിന്റെ ഇഷ്ടം നേരത്തെയും ശ്രദ്ധ നേടിയിട്ടുള്ളതാണ്. കിഷോർ കുമാറിന്റെ 1965ലെ ചിത്രത്തിലെ ഈ ഗാനമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ഡൽഹിയിലെ ഹോട്ടലിൽ നടന്ന പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ സംഗീതപ്രകടനം.
ബ്രിക്സ് പോലെയുള്ള ഔദ്യോഗികവും നയതന്ത്രപരവുമായ വേദിയിൽ നടന്ന ഈ അപ്രതീക്ഷിത പ്രകടനം സദസ്സിന് വേറിട്ട അനുഭവമായി. അന്താരാഷ്ട്ര നേതാക്കൾ പങ്കെടുക്കുന്ന ചടങ്ങിൽ അന്വർ ഇബ്രാഹിം പാട്ടുപാടുന്ന വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലും വലിയ ശ്രദ്ധ നേടി. ഇന്ത്യയോടും ഇന്ത്യൻ സംസ്കാരത്തോടുമുള്ള അദ്ദേഹത്തിന്റെ അടുപ്പത്തിന്റെ മറ്റൊരു ഉദാഹരണമായാണ് ഈ നിമിഷം വിലയിരുത്തപ്പെടുന്നത്.
ഇന്ത്യൻ സന്ദർശനത്തിനിടെ കിഷോർ കുമാറിന്റെ ഗാനം തിരഞ്ഞെടുത്തത് തന്നെ ഏറെ കൗതുകമായി. നയതന്ത്ര ചർച്ചകൾക്കും ഔദ്യോഗിക കൂടിക്കാഴ്ചകൾക്കും ഇടയിൽ സംഗീതത്തിലൂടെ ഇന്ത്യയുമായുള്ള സാംസ്കാരിക ബന്ധം പ്രകടിപ്പിച്ച അന്വർ ഇബ്രാഹിമിന്റെ ഈ വേറിട്ട പ്രകടനം ഇതിനോടകം വൈറലായിരിക്കുകയാണ്.







Comments