
ഭർത്താവും ബാഡ്മിന്റൺ താരവുമായ മാതിയസ് ബോയ്ക്കൊപ്പമുള്ള ബീച്ച് അവധിക്കാലത്തിന്റെ രസകരമായ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ച് ബോളിവുഡ് നടി താപ്സി പന്നു. കടൽത്തീരത്തെ തെങ്ങിൽ കയറാൻ താപ്സി ശ്രമിക്കുന്നതും, അതിനായി ഭർത്താവ് സഹായിക്കാൻ പാടുപെടുന്നതുമായ തമാശ നിറഞ്ഞ വീഡിയോയാണ് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.
"മനോഹരമായ സ്ഥലം, പിന്തുണയ്ക്കുന്ന ഭർത്താവ്, വിജയകരമായ വൈറൽ ചിത്ര നിമിഷം. ആലോചിച്ചു നോക്കുമ്പോൾ, അവസാന ശ്രമത്തിൽ എ.ഐ. ഉപയോഗിക്കാമായിരുന്നു" എന്നാണ് പോസ്റ്റിനൊപ്പം താപ്സി കുറിച്ചത്. ദമ്പതികളുടെ ഈ രസകരമായ വീഡിയോയ്ക്ക് സംവിധായകൻ അനുരാഗ് കശ്യപ് ഉൾപ്പെടെയുള്ളവർ കമന്റുകളുമായെത്തിയിട്ടുണ്ട്.
ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ 2024 മാർച്ച് 23-നാണ് താപ്സിയും മാതിയസും വിവാഹിതരായത്. സിഖ് - ക്രിസ്ത്യൻ ആചാരപ്രകാരം രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ചായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
തന്റെ വ്യക്തിജീവിതവും ഔദ്യോഗിക ജീവിതവും തമ്മിൽ കർശനമായ അതിരുകൾ സൂക്ഷിക്കുന്ന വ്യക്തിയാണ് താപ്സി. വളരെ വിരളമായി മാത്രമേ താരം തന്റെ പങ്കാളിക്കൊപ്പമുള്ള മനോഹര നിമിഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുള്ളൂ.
അതേസമയം, കനിക ധില്ലൻ രചിച്ച് നിർമ്മിച്ച് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത 'ഗന്ധാരി' എന്ന ചിത്രമാണ് താപ്സിയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. ദേവാശിഷ് മഖിജ സംവിധാനം ചെയ്ത ചിത്രത്തിൽ താപ്സിക്കൊപ്പം ഇഷ്വാക് സിങ്, ജതിൻ സർണ, സ്വാസ്തിക മുഖർജി, മിത വസിഷ്ത്, ഛായ കദം തുടങ്ങിയ പ്രമുഖ താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.







Comments