
രാജ്യാന്തര ക്രിക്കറ്റില് പാകിസ്ഥാന്റെ പുരുഷ-വനിതാ ടീമുകള് നേരിടുന്ന തുടര്ച്ചയായ തിരിച്ചടികള് പാകിസ്ഥാന് ക്രിക്കറ്റ് ബോര്ഡിനെ (പി.സി.ബി) കടുത്ത നടപടികളിലേക്ക് നയിക്കുന്നു. ടീമിന്റെ മോശം ഫോമിന് പിന്നാലെ ബോര്ഡില് വലിയ ഘടനാപരമായ മാറ്റങ്ങള് വരുത്താനാണ് ചെയര്മാന് മൊഹ്സിന് നഖ്വിയുടെ നീക്കം. ഇതിന്റെ ഭാഗമായി സെലക്ടര്മാരായ ആഖിബ് ജാവേദ്, വഹാബ് റിയാസ് എന്നിവരെ പ്രധാന പദവികളില് നിന്ന് ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോര്ട്ടുകള്.
പാകിസ്ഥാന് ക്രിക്കറ്റിലെ നിലവിലെ തകര്ച്ചയ്ക്ക് പരിഹാരം കാണാന് സെലക്ഷന് കമ്മിറ്റി ഉടന് പുനഃസംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി സീനിയര് സെലക്ടര് ആഖിബ് ജാവേദിനെ സ്ഥാനത്തുനിന്ന് മാറ്റാനാണ് ആലോചന. കഴിഞ്ഞ വര്ഷം മുതല് ദേശീയ വനിതാ ടീമിന്റെ ഉപദേശകനായി പ്രവര്ത്തിക്കുന്ന വഹാബ് റിയാസിനെയും കോച്ചിംഗ് സ്റ്റാഫില് നിന്നും ഒഴിവാക്കുമെന്നാണ് സൂചന. വൈറ്റ് ബോള് ഹെഡ് കോച്ച് മൈക്ക് ഹെസന് ടെസ്റ്റ് ടീമിന്റെ ചുമതലയും ഏറ്റെടുക്കാന് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സ്വന്തം തീരുമാനങ്ങളില് ബോര്ഡിന്റെ ഇടപെടലുകള് ഉണ്ടാകില്ലെന്ന ഉറപ്പിന്മേലാകും അദ്ദേഹം ഈ ചുമതലയേല്ക്കുക.
ഏഷ്യാ കപ്പിലെ നിരാശാജനകമായ പ്രകടനത്തിന് പുറമെ, ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ 3-0 തോല്വിയും വെസ്റ്റ് ഇന്ഡീസിനെതിരായ തിരിച്ചടികളും പാകിസ്ഥാന് വനിതാ ടീമിന് മേല് വലിയ സമ്മര്ദ്ദമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇതിനെത്തുടര്ന്ന് ഹെഡ് കോച്ച് സ്ഥാനത്തേക്ക് പുതിയ വിദേശ പരിശീലകരെ കൊണ്ടുവരാനും ബോര്ഡ് ആലോചിക്കുന്നുണ്ട്. പാകിസ്ഥാന് ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമാക്കുക ലക്ഷ്യമിട്ട് ബോര്ഡ് നടത്തുന്ന ഔദ്യോഗിക യോഗത്തിന് ശേഷം ഈ നിര്ണ്ണായക തീരുമാനങ്ങള് ഉടന് തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.







Comments