
കനത്ത മഴയിൽ റോഡുകൾ വെള്ളത്തിനടിയിലായതോടെ ചികിത്സ തേടിയെത്താന് കഴിയാതെ വന്നാൽ എന്തുചെയ്യും? അഹമ്മദാബാദിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ ആ ചോദ്യത്തിനുള്ള ഞെട്ടിക്കുന്ന കാഴ്ചയായി മാറുകയാണ്. ആംബുലൻസിന് ഗ്രാമത്തിലേക്ക് എത്താൻ കഴിയാതെ വന്നതോടെ രോഗിയെ വെള്ളക്കെട്ടിലൂടെ ചുമന്നുകൊണ്ട് ആശുപത്രിയിലെത്തിക്കുന്ന കുടുംബത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
ഗുജറാത്തിലെ അഹമ്മദാബാദിനടുത്തുള്ള മണിപ്പൂർ ഗ്രാമത്തിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. കനത്ത മഴയെ തുടർന്ന് ഗ്രാമം എല്ലാ ഭാഗത്തുനിന്നും വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലായി. ഇതിനിടെ രോഗിയായ ഒരാൾക്ക് അടിയന്തരമായി ചികിത്സ ആവശ്യമായി വന്നെങ്കിലും വെള്ളക്കെട്ട് കാരണം ആംബുലൻസിന് ഗ്രാമത്തിനുള്ളിലേക്ക് എത്താൻ സാധിച്ചില്ല.
റെയിൽവേ അണ്ടർപാസിൽ അരയോളം ഉയരത്തിൽ വെള്ളം കയറിയതോടെ ആംബുലൻസ് മറുവശത്ത് നിർത്തേണ്ടിവന്നു. ഇതോടെ കുടുംബാംഗങ്ങൾ തന്നെ രോഗിയെ ചുമന്നുകൊണ്ട് വെള്ളത്തിലൂടെ മുന്നോട്ട് നീങ്ങുകയായിരുന്നു. മുട്ടോളം വെള്ളത്തിലൂടെ ഒരാൾ രോഗിയെ സൂക്ഷിച്ച് ചുമന്നുകൊണ്ട് പോകുന്നതാണ് വൈറലായ വീഡിയോയിൽ കാണുന്നത്.
സാധാരണ ഗതാഗതവും അടിയന്തര സേവനങ്ങളും വരെ തടസ്സപ്പെടുന്ന തരത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെയാണ് കുടുംബത്തിന് ഇത്തരമൊരു മാർഗം സ്വീകരിക്കേണ്ടിവന്നത്. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് സംഭവത്തിൽ ആശങ്ക പങ്കുവെച്ചത്. കനത്ത മഴയും വെള്ളക്കെട്ടും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ ജനജീവിതത്തെ എത്രത്തോളം ബാധിക്കുന്നുവെന്നതിന്റെ നേർക്കാഴ്ചയായാണ് ഈ വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുന്നത്.







Comments