
വലിയൊരു ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി മടങ്ങാനൊരുങ്ങുന്നതിനിടെ അപ്രതീക്ഷിതമായി തിരിഞ്ഞുനിന്നു. മുന്നോട്ട് പോകുന്നതിനിടെ വീണ്ടും ഡ്രൈവറുടെ അടുത്തേക്ക് നടന്നെത്തി കൈപിടിച്ച് നന്ദി പറഞ്ഞ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ലളിതമായ പെരുമാറ്റമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ന്യൂഡൽഹിയിൽ നടന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ യുഎഇയെ പ്രതിനിധീകരിച്ചാണ് ഷെയ്ഖ് ഖാലിദ് ഇന്ത്യയിലെത്തിയത്. സന്ദർശനം പൂർത്തിയാക്കി അബുദാബിയിലേക്ക് മടങ്ങുന്നതിനായി വിമാനത്താവളത്തിലെത്തിയ അദ്ദേഹം യാത്രയയക്കാനെത്തിയവരോട് സംസാരിക്കുകയും തുടർന്ന് വിമാനത്തിലേക്ക് നീങ്ങുകയും ചെയ്തു. ഇതിനിടെയാണ് അപ്രതീക്ഷിതമായി തിരിഞ്ഞ് തന്റെ ഇന്ത്യൻ ഡ്രൈവറുടെ അടുത്തേക്ക് എത്തിയത്.
ഡ്രൈവറുടെ അടുത്തെത്തിയ കിരീടാവകാശി അദ്ദേഹവുമായി കൈകൊടുത്ത് സംസാരിക്കുകയും കൈയിൽ സൗഹൃദപൂർവം തട്ടുകയും ചെയ്തു. ഔദ്യോഗിക പദവിയുടെയും തിരക്കുകളുടെയും ഇടയിലും തനിക്കായി വാഹനം ഓടിച്ച വ്യക്തിയോട് നേരിട്ട് നന്ദി പറയാൻ അദ്ദേഹം സമയം കണ്ടെത്തിയതാണ് വീഡിയോയിലെ ശ്രദ്ധേയമായ നിമിഷം. നിമിഷങ്ങൾ മാത്രം നീണ്ട ഈ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഷെയ്ഖ് ഖാലിദിന്റെ പെരുമാറ്റത്തെ പ്രശംസിച്ച് നിരവധി പേരാണ് പ്രതികരിച്ചത്. വലിയ പദവിയിലുള്ള ഒരാൾ തനിക്കൊപ്പം പ്രവർത്തിച്ച ജീവനക്കാരനോട് നേരിട്ട് നന്ദി പറയുന്ന കാഴ്ചയാണ് പലരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. ബ്രിക്സ് സന്ദർശനത്തിനിടെ നടന്ന ഈ ചെറിയ നിമിഷം ഔദ്യോഗിക കൂടിക്കാഴ്ചകളിൽനിന്ന് വേറിട്ടൊരു വൈറൽ കാഴ്ചയായാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.







Comments