
കണ്ണൂര് : പി ജയരാജന്റെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രവേശനം ആഘോഷമാക്കി ഇടത് സൈബര് ഹാന്റിലുകള്. പി ജയരാജന്റെ വീഡിയോകളും പോസ്റ്ററുകളുമായി ഇടത് വാളുകള് വ്യാപക പ്രചരണം ആരംഭിച്ചിരിക്കുകയാണ്.''കഥ തീര്ന്നെന്ന് കരുതിയിടത്തു നിന്ന് രണ്ടാം അധ്യായം തുടരുന്നു' എന്നായിരുന്നു മറ്റൊരു വരി. 'ഇനിയാണ് കഥ ആരംഭിക്കുന്നതെ'ന്നും പലരും കുറിച്ചു. 'വെട്ടിച്ചിതറിച്ചിട്ടും മുറികൂടി തിരിച്ചു വന്നില്ലേ' എന്നും ചോദിച്ചവരുണ്ട്. 'പോരാട്ടത്തിന്റ പാതയില് നിന്ന് നേതൃത്വത്തിന്റെ അമരത്തേക്കാ'ണ് ജയരാജന്റെ യാത്ര എന്നാണ് സൈബര് സാഖാക്കള് ചൂണ്ടിക്കാട്ടുന്നത്.
പാര്ട്ടിയുടെ തീരുത്തലിന്റെ ചൂണ്ടു പലകയായി പലരും കാണുന്നത് പി ജയാരാജനെ സെക്രട്ടറിയേറ്റില് ഉള്പ്പെടുത്തിയതാണെന്നാണ് വിലയിരുത്തല്. വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് ശേഷം കണ്ണൂരില് എത്തിയ പി ജയരാജന് ജന്മനാടായ പാട്യത്ത് വന് സ്വീകരണമാണ് ലഭിച്ചത്. പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും മധുരം വിതരണം ചെയ്തുമായിരുന്നു പ്രവര്ത്തകരുടെ സ്വീകരണം. പാട്യം ഗോപാലന് മെമ്മോറിയല് ക്ലബിന് സമീപത്ത് വെച്ചായിരുന്നു ജയരാജനെ പ്രവര്ത്തകര് വരവേറ്റത്.
2025-ൽ കൊല്ലത്ത് നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ പി. ജയരാജൻ സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കപ്പെടാതെ വന്നതോടെ ഇനിയൊരിക്കലും അദ്ദേഹത്തിന് പാർട്ടിയുടെ ആ ഘടകത്തിൽ എത്തിച്ചേരാനാകില്ല എന്നായിരുന്നു കരുതിയിരുന്നത്. കാരണം, സിപിഎമ്മിൽ നേതൃപദവികൾക്ക് നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി 75 വയസ്സാണ്. കഴിഞ്ഞ സംസ്ഥാന സമ്മേളനകാലത്ത് 72 വയസ്സായിരുന്നു ജയരാജന്റെ പ്രായം. അടുത്ത സംസ്ഥാനസമ്മേളനകാലം ആകുമ്പോഴേക്കും അദ്ദേഹം പ്രായപരിധി പിന്നിടും. അതിനാൽതന്നെ സെക്രട്ടേറിയറ്റിൽ എത്താനാകില്ലെന്നാണ് കരുതിപ്പോന്നത്. എന്നാൽ ഏകദേശം ഒരുകൊല്ലത്തിനിപ്പുറം ചേർന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിലൂടെ ജയരാജൻ സെക്രട്ടേറിയറ്റ് അംഗമായിരിക്കുകയാണ്.
2010 മുതൽ 2019 വരെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു ജയരാജൻ. 2019-ൽ വടകര പാർലമെന്റ് മണ്ഡലത്തിൽനിന്ന് മത്സരിക്കുന്നതിന് മുന്നോടിയായാണ് സ്ഥാനത്തുനിന്ന് മാറിയത്. വടകര മണ്ഡലത്തിൽ പരാജയപ്പെട്ടെങ്കിലും ജയരാജൻ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിവന്നില്ല. പിന്നീടിങ്ങോട്ടുള്ള ഏഴുകൊല്ലത്തിനിടെ പാർട്ടിയുടെ റ്റൊരു ചുമതലകളും ജയരാജൻ വഹിച്ചിരുന്നില്ല. 2021-ൽ ഖാദി ബോർഡ് ചെയർമാൻസ്ഥാനത്തെത്തി.
1972-ലാണ് ജയരാജൻ സിപിഎം അംഗമാകുന്നത്. പത്തുകൊല്ലം കൂത്തുപറമ്പ് ഏരിയാ സെക്രട്ടറിയായിരുന്നു. പിന്നീട് കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിലെത്തി. 1998-ൽ സംസ്ഥാന സമിതി അംഗവുമായി. 2010 ഡിസംബറിലാണ് കണ്ണൂർ ജില്ലാ സെക്രട്ടറിയായത്. 2019-വരെ സ്ഥാനത്ത് തുടർന്നു. 2001-ൽ കൂത്തുപറമ്പ് മണ്ഡലത്തിൽനിന്ന് നിയമസഭയിലെത്തി. എന്നാൽ ഈ തിരഞ്ഞെടുപ്പ് സുപ്രീം കോടതി റദ്ദാക്കിയതോടെ 2005-ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വീണ്ടും ജനവിധി തേടുകയും മത്സരിച്ച് ജയിക്കുകയും ചെയ്തു. 2006--ലും ഇതേ മണ്ഡലത്തിൽനിന്ന് ജയിച്ചു. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽനിന്ന് മത്സരിച്ചെങ്കിലും തോറ്റു, കോൺഗ്രസിന്റെ കെ. മുരളീധരനോടായിരുന്നു പരാജയപ്പെട്ടത്.







Comments