
ന്യൂഡൽഹി: 2026 സെപ്റ്റംബർ 15 ചൊവ്വാഴ്ച ഏതാനും നിമിഷത്തേക്ക് മെക്ക കനത്ത സുരക്ഷാ ജാഗ്രതയിലായിരുന്നു. മക്കയ്ക്ക് മുകളിലുള്ള നിരോധിത വ്യോമാതിർത്തിയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, മക്കയ്ക്ക് തെക്കായി ഹൂതികളുടെ ഒരു ഡ്രോൺ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞ് നശിപ്പിച്ചതിനെ തുടർന്ന് സുരക്ഷാ മുന്നറിയിപ്പ് നൽകുകയും പിന്നീട് അത് പിൻവലിക്കുകയും ചെയ്തു. ആദ്യമായാണോ മെക്ക ഇത്തരം ഒരു പ്രതിസന്ധി നേരിടുന്നത്? അല്ല, മെക്ക മസ്ജിദുൽ ഹറം 47 വർഷങ്ങൾക്ക് മുമ്പ്, 1979 നവംബർ 20-ന് ഒരു സായുധ സംഘം പിടിച്ചെടുത്തിരുന്നു.
കഅ്ബ സ്ഥിതി ചെയ്യുന്ന മസ്ജിദുൽ ഹറമിൽ പ്രഭാത നമസ്കാരമായ ഫജ്റിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. ആയിരക്കണക്കിന് വിശ്വാസികൾ പ്രഭാത നമസ്കാരത്തിനായി ഒത്തുകൂടിയപ്പോഴാണ് അസ്വസ്ഥത ജനിപ്പിക്കുന്ന സംഭവങ്ങളുണ്ടായത്. 40 കാരനായ മുൻ സൗദി നാഷണൽ ഗാർഡ് കോർപറലും മതപ്രഭാഷകനുമായ ജുഹൈമാൻ അൽ-ഉതൈബി ഇമാമിനെ തള്ളിമാറ്റി മൈക്ക് കൈക്കലാക്കിയതോടെയാണ് അസാധാരണ സംഭവങ്ങൾക്ക് തുടക്കമായത്. ഏകദേശം 600 പേരുണ്ടായിരുന്ന ജുഹൈമാനും അനുയായികളും വേഗത്തിൽ വിശുദ്ധ പള്ളി കോംപ്ലക്സിലുടനീളം നിലയുറപ്പിച്ചു.
മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കുന്ന പരമ്പരാഗത ശവസംസ്കാര ചടങ്ങുകളുടെ ഭാഗമെന്ന വ്യാജേന അവർ ശവപ്പെട്ടികൾ പള്ളിയിലേക്ക് കടത്തിയിരുന്നു. എന്നാൽ പെട്ടികൾ തുറന്നപ്പോൾ അവയിൽ തോക്കുകളായിരുന്നു ഉണ്ടായിരുന്നത്. തുടർന്ന് ഈ ആയുധങ്ങൾ തീവ്രവാദികൾക്കിടയിൽ വിതരണം ചെയ്തു. തുടർന്ന് നയിക്കുന്നവൻ ( മഹ്ദി) എത്തിയിരിക്കുന്നു എന്ന പ്രഖ്യാപനവും നടത്തി.
എണ്ണ സമ്പത്ത് രാജ്യത്തെ മാറ്റിമറിക്കുകയും അതിവേഗ ആധുനികവൽക്കരണത്തിനും പുതിയ അടിസ്ഥാന സൗകര്യങ്ങൾക്കും പാശ്ചാത്യ സ്വാധീനത്തിനും വഴിയൊരുക്കുകയും ചെയ്തു. ഇത് ഇസ്ലാമിനെ മറന്നുള്ള നടപടികളാണെന്ന് പറഞ്ഞായിരുന്നു വിമതർ ആരാധനാലയം പിടിച്ചെടുത്തത്.
തീവ്രവാദികൾ പള്ളിയുടെ മിനാരങ്ങൾ, മുറികൾ, ഇടനാഴികൾ, ഭൂഗർഭ ഭാഗങ്ങൾ തുടങ്ങിയ തന്ത്രപ്രധാനമായ സ്ഥലങ്ങൾ വേഗത്തിൽ കൈയടക്കി. ഈ സ്ഥാനങ്ങളിൽ നിന്ന്, സമുച്ചയം തിരിച്ചുപിടിക്കാനുള്ള സൗദി സുരക്ഷാ സേനയുടെ ആദ്യ ശ്രമങ്ങളെ അവർ പ്രതിരോധിച്ചു. പള്ളിയ്ക്ക് ചുറ്റും സുരക്ഷാ വലയം തീർത്തു. സ്പെഷ്യൽ ഫോഴ്സിനെയും സൈനിക യൂണിറ്റുകളെയും രംഗത്തിറക്കി. മക്കയുടെ വിശുദ്ധ അതിർത്തിക്കുള്ളിൽ യുദ്ധം ചെയ്യുന്നതിന് ഇസ്ലാമിക നിയമപ്രകാരം പ്രത്യേക നിയന്ത്രണങ്ങളുള്ളത് സൈനിക നടപടികൾക്ക് വിഘാതമായി. എന്നാൽ, ഇതിനായി പ്രത്യേക ‘ഫത്വ’പുറത്തിറക്കുകയായിരുന്നു.
സൈന്യം ആരാധനാലയത്തിൽ പ്രവേശിച്ചതോടെ വിമതർ ഭൂഗർഭ അറകളിലേക്ക് പിൻവാങ്ങി. ഇത് ഉപരോധം രണ്ട് ആഴ്ച വരെ നീളാൻ കാരണമായി. പിന്നീട് അറകൾക്ക് തുളകൾ ഉണ്ടാക്കി വിഷവാതകം പമ്പുചെയ്താണ് വിമതരെ പുറത്തുചാടിച്ചത്. അപ്പോഴേക്കും അംഗസംഖ്യ 100 ആയി ചുരുങ്ങിയ വിമതർക്ക് കീഴടങ്ങുകയല്ലാതെ മറ്റുവഴികളില്ലായിരുന്നു.







Comments