
ഇസ്ലാമാബാദ്: ഹോർമുസ് പ്രതിസന്ധിയെ തുടർന്ന് പാകിസ്ഥാനിൽ ഇന്ധനവില റെക്കോർഡ് ഉയരത്തിലേക്ക്. ചൊവ്വാഴ്ച രാത്രി പെട്രോൾ വില ലിറ്ററിന് 4.10 പാകിസ്ഥാൻ രൂപയും (പികെആർ) ഹൈ-സ്പീഡ് ഡീസൽ ലിറ്ററിന് 6.41 രൂപയും വർദ്ധിപ്പിച്ചു. ഇതോടെ പെട്രോൾ വില ലിറ്ററിന് 384.34 രൂപയായും ഹൈ-സ്പീഡ് ഡീസൽ ലിറ്ററിന് 415.83 രൂപയുമായി ഉയർന്നു.
ഇന്ധനവില കുതിച്ചുയർന്നതോടെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ സർക്കാർ പല കോണുകളിൽ നിന്നും സമ്മർദ്ദം നേരിടുന്നുണ്ട്. വിലക്കയറ്റത്തിന്റെ ആഘാതം എത്രകാലം പാകിസ്ഥാന് താങ്ങാൻ കഴിയുമെന്ന ആശങ്കയിലാണ് സർക്കാരും. ഇന്ധന സബ്സിഡി പദ്ധതിയിലൂടെ വിലക്കയറ്റത്തിന്റെ ഒരു ഭാഗം സ്വന്തം നിലയിൽ വഹിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിക് മാലിക് പറഞ്ഞു.
ഈ പദ്ധതി പ്രകാരം മോട്ടോർ സൈക്കിൾ യാത്രികർക്ക് ആഴ്ചയിൽ അഞ്ച് ലിറ്റർ വരെ സബ്സിഡി നിരക്കിൽ പെട്രോൾ ലഭിക്കും, അതേസമയം കാർ ഉടമകൾക്ക് ഓരോ 10 ദിവസത്തിലും 10 ലിറ്റർ വരെ ഇളവ് ലഭിക്കും. ഈ സഹായം ഇന്ധനവില വർദ്ധന പൂർണ്ണമായി നികത്തില്ലെങ്കിലും, നിലവിൽ സമ്പദ്വ്യവസ്ഥയ്ക്ക് താങ്ങാൻ കഴിയുന്ന ഏറ്റവും ഉയർന്ന ഭാരമാണ് അതെന്ന് മാലിക് വ്യക്തമാക്കി.
ഓഗസ്റ്റിൽ, പാകിസ്ഥാന്റെ വൈദ്യുതി ഉൽപ്പാദനത്തിന്റെ 72% ആഭ്യന്തര ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗം പരമാവധി പ്രയോജനപ്പെടുത്തിയാണ് സാധ്യമാക്കിയത്. വൈദ്യുതി ഉൽപ്പാദനത്തിനായി ആഭ്യന്തര വാതകത്തിന്റെ ഉപയോഗം വർദ്ധിപ്പിച്ചത് കൂടുതൽ വിലകൂടിയ ആർ.എൽ.എൻ.ജി വാങ്ങുന്നത് ഒഴിവാക്കാൻ പാകിസ്ഥാനെ സഹായിച്ചതായും ഊർജ്ജ മന്ത്രി അവൈസ് ലഘാരി പറഞ്ഞു.







Comments