
തമിഴകത്തിന്റെ പ്രിയ താരം വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന പേരാണ് തെന്നിന്ത്യൻ താരറാണി തൃഷയുടേത്. ഇവർ തമ്മിലുള്ള ബന്ധത്തെപ്പറ്റി പലവിധ ഗോസിപ്പുകളും സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്. ഇക്കഴിഞ്ഞ ദിവസം ലണ്ടനിൽ വിജയ്ക്കൊപ്പം തൃഷയെ കണ്ടതോടെ ഇവരുടെ ബന്ധവുമായി ബന്ധപ്പെട്ട ചർച്ചകള് വീണ്ടും സോഷ്യല് മീഡിയയില് ചൂടുപിടിച്ചിരിക്കുകയാണ്.
ഇപ്പോഴിതാ ഇക്കാരത്തിലുള്ള തന്റെ അഭിപ്രായം പങ്കിടുകയാണ് തെന്നിന്ത്യയുടെ പ്രിയ താരം അംബിക. തൃഷയുടെ സ്ഥാനത്ത് താനായിരുന്നെങ്കില് ചില കാര്യങ്ങള് ചെയ്യില്ലായിരുന്നുവെന്നാണ് അംബിക തുറന്ന് പറഞ്ഞിരിക്കുന്നത്.
‘‘തൃഷ തന്റെ സുഹൃത്തിനൊപ്പം പുറത്തുപോകുകയാണ്. ഒരുപക്ഷെ ഇരുവർക്കും തമ്മില് സൗഹൃദമുണ്ടാകാം. എത്ര വിമർശനങ്ങള് വന്നാലും ഞങ്ങള് അത് പുറത്ത് കാണിക്കുമെന്ന് ഇരുവരും തീരുമാനിച്ചിട്ടുണ്ടാകാം. എന്നാല് വിജയ് ഇപ്പോള് ഒരു വലിയ സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയാണ്. തങ്ങളുടെ ബന്ധത്തിന്റെ പേരില് അദ്ദേഹത്തിന് ഒരു അവമതിപ്പ് ഉണ്ടാകുന്നുണ്ടെങ്കില് ഞാൻ തൃഷയുടെ സ്ഥാനത്തായിരുന്നെങ്കില് തീർച്ചയായും വിജയിക്ക് കൂടുതല് ധർമ്മസങ്കടമുണ്ടാക്കുന്ന രീതിയില് പെരുമാറില്ലായിരുന്നു. ഞാൻ അല്പം വിട്ടുനില്ക്കുമായിരുന്നു...’’ എന്നാണ് അംബിക പറഞ്ഞത്. തൃഷ ലണ്ടനില് പോയതുമായി ബന്ധപ്പെട്ട് നേരത്തെ അംബിക താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
അംബികയുടെ വാക്കുകള് വൈറലായതോടെ വിജയ് ആരാധകരും രംഗത്തെത്തി. തങ്ങള് പ്രതീക്ഷിച്ചിരുന്നത് ഇത് തന്നെയാണെന്ന് പറഞ്ഞ് നിരവധി പേർ വീഡിയോ സോഷ്യല് മീഡിയയില് പങ്കുവെച്ചു. ‘ഞങ്ങളുടെ മനസിലുള്ളത് നിങ്ങള് അതുപോലെ തന്നെ പറഞ്ഞിരിക്കുന്നു മാഡം. ഇത് തൃഷയുടെ കണ്ണില്പ്പെടണം’ എന്നതടക്കമാണ് കമന്റുകൾ.
പിന്നാലെ അംബികയ്ക്ക് എതിരെ ഫിലിം ക്രിട്ടിക്കായ ചെഗുവേര രൂക്ഷമായ വിമർശനം ഉന്നയിച്ചു. ‘‘തൃഷയ്ക്ക് വേണ്ടി അംബിക എന്തിനാണ് സംസാരിക്കുന്നത്?. ആ കാലത്തെ തൃഷയാണ് അംബിക. അതുകൊണ്ടാണ് അവർ തൃഷയെ പിന്തുണയ്ക്കുന്നത്. അംബികയ്ക്ക് എംജിആർ 25 ഏക്കർ സ്ഥലം നല്കിയതിനെ കുറിച്ച് അവർ സംസാരിക്കുമോ? സ്വന്തം പുറത്തെ അഴുക്ക് കഴുകാതെ മറ്റുള്ളവരെക്കുറിച്ച് സംസാരിക്കരുത്..." എന്നായിരുന്നു ചെഗുവേരയുടെ വിമർശനം.
അതോടെ പ്രകോപിതയായ അംബിക ഇപ്പോള് തന്റെ പുതിയ അഭിമുഖത്തിലൂടെ ഈ ആരോപണങ്ങള്ക്കെല്ലാം മറുപടി നല്കിയിരിക്കുകയാണ്.
‘‘എന്നെ കുറിച്ച് ചെഗുവേര അണ്ണൻ സംസാരിച്ചിരുന്നല്ലോ. ആ അഭിമുഖം ഞാൻ കണ്ടിരുന്നു. എംജിആറില് നിന്ന് 25 ഏക്കർ സ്ഥലം ഞാൻ എഴുതി വാങ്ങിയതിനെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. അത് കൂടാതെ എന്തിനാണ് തൃഷയെ ഞാൻ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. ഞാൻ ആ കാലത്തെ തൃഷയായതുകൊണ്ടാണ് അവരെ പിന്തുണയ്ക്കുന്നതെന്നും പറയുന്നു. ഇപ്പോള് എനിക്ക് രണ്ട് കാര്യങ്ങള് അറിയണം. ഞാൻ ആ കാലത്തെ തൃഷയാണെങ്കില് ആ കാലത്തെ വിജയ് ആരാണ്?. അത് അദ്ദേഹം പറയണം.
രണ്ടാമത്തെ ചോദ്യം... എംജിആർ എനിക്ക് 25 ഏക്കർ സ്ഥലം നല്കുമ്പോള് ഇദ്ദേഹമായിരുന്നോ വില്ലേജ് ഓഫീസർ? ആ രേഖകള് നിങ്ങളുടെ കൈയിലുണ്ടല്ലോ. അത് എന്റെ കൈയില് കൊണ്ടുവന്ന് തരൂ. അത് വിറ്റിട്ട് നിങ്ങള്ക്ക് ലഭിക്കേണ്ട പണം ഞാൻ തരാം. വിജയിയുടെ അമ്മയെക്കുറിച്ചും ചെഗുവേര പരാമർശിച്ചിരുന്നല്ലോ. ഇത്തരത്തിലുള്ള ഒരു മകനെ പ്രസവിക്കുന്നതിന് പകരം അബോർഷൻ ചെയ്യാമായിരുന്നു എന്ന തരത്തില് ചെഗുവേര സംസാരിച്ച വീഡിയോ ഞാൻ കണ്ടിരുന്നു. എന്നാല് പിന്നീട് ആ വീഡിയോ ഡിലീറ്റ് ചെയ്തു.
എന്തിനാണ് ചെഗുവേര നിങ്ങള് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്?. ഇത്തരം പരാമർശങ്ങള് അയാളില് നിന്ന് മാത്രമല്ല തമിഴാ തമിഴാ പാണ്ഡ്യൻ, ഫയല്വാൻ രംഗനാഥൻ തുടങ്ങിയ ചിലരില് നിന്നും ഉണ്ടാകുന്നുണ്ട്. ഇത്തരത്തില് അങ്ങേയറ്റം അധിക്ഷേപകരമായി സംസാരിക്കുന്നവർക്കെതിരെ ഉടൻ നടപടി സ്വീകരിക്കണം. വേദിയില് രാഷ്ട്രീയക്കാർ മോശം വാക്കുകള് ഉപയോഗിച്ച് സംസാരിക്കുന്നതിനെക്കാള് മോശമായ രീതിയിലാണ് ഇവർ മറ്റുള്ളവരെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത്. ഇവർക്ക് എന്താണ് ഇത്ര ധൈര്യം?. ഞങ്ങള് മീഡിയയിലാണല്ലോ എന്തും സംസാരിക്കാം എന്നാണ് ഇവർ കരുതുന്നത്. ദയവായി ഇവരുടെ കുടുംബാംഗങ്ങള് തന്നെ ഇത്തരത്തില് സംസാരിക്കരുതെന്ന് അവരോട് പറഞ്ഞുകൊടുക്കണം...’’ എന്നാണ് അംബിക തുറന്നടിച്ചത്.
കഴിഞ്ഞ ദിവസങ്ങളില് തൃഷ ലണ്ടനില് നിന്നുള്ള വീഡിയോ പങ്കുവച്ചതിന് പിന്നാലെ അവർ എവിടെയാണ് പോയത്, ആരോടൊപ്പമാണ് തുടങ്ങിയ കാര്യങ്ങള് ചൂണ്ടിക്കാട്ടി സോഷ്യല് മീഡിയയില് നിരവധി വിമർശനങ്ങളാണ് ഉയർന്നത്. അന്ന് അംബിക അതിനെതിരെ പ്രതികരിച്ചിരുന്നു.
‘തൃഷ ലണ്ടനിലായാലും ചൈനയിലായാലും എന്താണ് പ്രശ്നം?. ഒരാള്ക്ക് എവിടെ വേണമെങ്കിലും പോകാം. അതില് നമുക്ക് എന്താണ് പ്രശ്നം?...’ എന്നായിരുന്നു അംബിക അന്ന് തൃഷയെ പിന്തുണച്ച് പ്രതികരിച്ചത്.







Comments