
വിവാഹത്തിനും മാതൃത്വത്തിനും ശേഷം നായികമാർ സിനിമയിൽ നിന്ന് അപ്രത്യക്ഷരാകുന്ന രീതിക്ക് മാറ്റം വരുന്നുണ്ടെന്ന് നടിയും സംവിധായികയുമായ നീന ഗുപ്ത. ദീപിക പദുക്കോൺ, കിയാര അദ്വാനി, കരീന കപൂർ തുടങ്ങിയ താരങ്ങൾ ഈ മാറ്റത്തിന് വഴിയൊരുക്കുകയാണെന്നും നീന പറഞ്ഞു. ബോളിവുഡിലെ പ്രായവിവേചനത്തെക്കുറിച്ച് സംസാരിക്കവെയാണ് ഇൻഡസ്ട്രിയിൽ പ്രകടമാകുന്ന ഈ പോസിറ്റീവായ മാറ്റങ്ങളെക്കുറിച്ച് അവർ മനസ്സ് തുറന്നത്.
രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുമ്പോഴും ദീപിക സിനിമയിൽ സജീവമായി തുടരുന്നതും പ്രസവശേഷം കിയാര ശക്തമായ തിരിച്ചുവരവ് നടത്തിയതും കരീന തുടർച്ചയായി പുതിയ പ്രോജക്ടുകൾ ഏറ്റെടുക്കുന്നതും അഭിനന്ദനാർഹമാണെന്ന് നീന വ്യക്തമാക്കി.പ്രായം കൂടുന്നതിനനുസരിച്ച് നായികമാർ സിനിമയിൽ നിന്ന് മാറിനിൽക്കണമെന്ന ധാരണയാണ് ഇവർ തിരുത്തുന്നതെന്നും അവർ പറഞ്ഞു.
വിവാഹിതയായാൽ ഒരു നടിയുടെ കരിയർ അവസാനിച്ചുവെന്ന നിർമാതാക്കൾക്കിടയിലെ പഴയ ധാരണയെ ഈ താരങ്ങൾ ചോദ്യം ചെയ്യുകയാണെന്നും നീന അഭിപ്രായപ്പെട്ടു. ഫിറ്റ്നസ് നിലനിർത്തിയും ജോലിയിൽ സജീവമായും തുടരുന്ന ഇവർക്ക് ഭർത്താക്കന്മാരുടെ പിന്തുണയുണ്ടെന്നതും ശ്രദ്ധേയമാണെന്ന് താരം പറഞ്ഞു.
താൻ നായികയായി അധികകാലം പ്രവർത്തിച്ചിട്ടില്ലാത്തതിനാൽ സിനിമയിലെ തന്റെ യാത്ര വ്യത്യസ്തമായിരുന്നുവെന്നും ചില വേഷങ്ങളിൽ മുൻകാല നായികമാർക്ക് ഇപ്പോഴും പരിഗണന ലഭിക്കാറുണ്ടെന്നും അവർ പറഞ്ഞു. സിനിമ ഒരു ബിസിനസായതിനാൽ അവസരം നഷ്ടപ്പെടുമ്പോൾ അതിൽ വൈകാരികമായി പ്രതികരിക്കേണ്ടതില്ലെന്നും ഒടുവിൽ അത് തന്റെ ‘മാർക്കറ്റ്’ കുറഞ്ഞതുകൊണ്ടാണെന്ന് മനസ്സിലാക്കിയെന്നും നീന കൂട്ടിച്ചേർത്തു.







Comments