
എപ്പോഴും ഗൗരവത്തോടെ ഡ്യൂട്ടിയിൽ നിൽക്കുന്ന യൂണിഫോം ധരിച്ച ഉദ്യോഗസ്ഥരെ അൽപനേരത്തേക്ക് കുട്ടികളെപ്പോലെ കളിച്ചുല്ലസിക്കുന്ന കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. തിരക്കേറിയ ജോലിക്കിടയിലെ ചെറിയൊരു ഇടവേളയിൽ സുരക്ഷാ ഉദ്യോഗസ്ഥർ പാർക്കിലെ മെറി-ഗോ-റൗണ്ടിൽ കയറി ആസ്വദിക്കുന്ന ദൃശ്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
പോലീസ്, അർധസൈനിക വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ ഒരു പ്രാദേശിക പാർക്കിലെ മെറി-ഗോ-റൗണ്ടിൽ കയറി ചിരിക്കുന്നതും പരസ്പരം മാറിമാറി സവാരി ചെയ്യുന്നതുമാണ് വീഡിയോയിൽ കാണുന്നത്. കഠിനമായ ഡ്യൂട്ടിക്കിടയിൽ ലഭിച്ച ചെറിയ ഇടവേളയാണ് ഇവർ ഇത്തരത്തിൽ ആഘോഷിച്ചതെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. എന്നാൽ വീഡിയോ എപ്പോൾ, എവിടെ ചിത്രീകരിച്ചതാണെന്ന് വ്യക്തമായിട്ടില്ല.
വീഡിയോ പങ്കുവെച്ചതിന് പിന്നാലെ പതിനായിരക്കണക്കിന് കാഴ്ചകളാണ് ലഭിച്ചത്. ജോലിയുടെ സ്വഭാവം എന്തായാലും എല്ലാവർക്കും ഇടയ്ക്കൊക്കെ സന്തോഷിക്കാനും കുട്ടിക്കാലത്തെ ഓർമകളിലേക്ക് മടങ്ങിപ്പോകാനും അവകാശമുണ്ടെന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് പലരും പങ്കുവെച്ചത്. ‘എല്ലാവരിലും ഒരു കുട്ടിയുണ്ട്’ എന്ന തരത്തിലുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെ നിറഞ്ഞു.
അതേസമയം, യൂണിഫോമിലുള്ള ഉദ്യോഗസ്ഥരുടെ ഇത്തരം വീഡിയോകൾ പൊതുവായി പ്രചരിപ്പിക്കുന്നതിനെ ചോദ്യം ചെയ്തവരുമുണ്ട്. യൂണിഫോം ഡ്യൂട്ടി, അച്ചടക്കം, ഔദ്യോഗിക അന്തസ്സ് എന്നിവയെ പ്രതിനിധീകരിക്കുന്നതാണെന്നും അതിന്റെ ഗൗരവം കാത്തുസൂക്ഷിക്കണമെന്നുമായിരുന്നു ഒരു വിഭാഗത്തിന്റെ അഭിപ്രായം. വ്യത്യസ്ത പ്രതികരണങ്ങൾക്കിടയിലും ഡ്യൂട്ടിക്കിടയിലെ ഉദ്യോഗസ്ഥരുടെ ഈ അപ്രതീക്ഷിത ‘കുട്ടിക്കളി’യാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ശ്രദ്ധാകേന്ദ്രം.







Comments