
ന്യൂഡൽഹി: അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വെച്ച് പാകിസ്ഥാൻ നാവികസേനയുടെ കപ്പൽ ഇന്ത്യൻ നാവികസേനാ കപ്പലുമായി കൂട്ടിയിടിച്ച സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പാകിസ്ഥാൻ നാവികസേനാ കപ്പലിന്റെ "സ്വീകാര്യമല്ലാത്തതും പ്രൊഫഷണൽ അല്ലാത്തതുമായ പെരുമാറ്റത്തിൽ" പ്രതിഷേധിച്ച് വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ (പാകിസ്ഥാന്റെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനെ) വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചു.
പാകിസ്ഥാന്റെ 'ഹുനൈൻ' എന്ന കപ്പലാണ് ഇന്ത്യൻ യുദ്ധക്കപ്പലിൽ തട്ടിയത്. സെപ്റ്റംബർ സെപ്റ്റംബർ 15 വൈകുന്നേരം വടക്കൻ അറബിക്കടലിൽ, ഒമാന് ഏകദേശം 220 കിലോമീറ്റർ കിഴക്ക് പതിവ് പട്രോളിംഗ് നടത്തുകയായിരുന്ന ഇന്ത്യൻ യുദ്ധക്കപ്പലിലാണ് പാക് കപ്പൽ കൂട്ടിയിടിച്ചത്. വടക്കൻ അറബിക്കടലിൽ പതിവ് നിരീക്ഷണ ദൗത്യത്തിലായിരുന്ന മുൻനിര ഇന്ത്യൻ നാവികസേനാ യുദ്ധക്കപ്പലിന് അടുത്തേക്ക് പാകിസ്ഥാൻ നാവികസേനാ കപ്പൽ അതിവേഗത്തിൽ എത്തിച്ചേരുകയായിരുന്നു. പാകിസ്ഥാൻ കപ്പൽ ഉയർന്ന വേഗതയിൽ സഞ്ചരിക്കുകയും "പ്രൊഫഷണൽ അല്ലാത്തതും സുരക്ഷിതമല്ലാത്തതുമായ രീതിയിൽ" അഭ്യാസങ്ങൾ നടത്തുകയും ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
1991 ഏപ്രിലിലെ സൈനികാഭ്യാസങ്ങൾ, അഭ്യാസ പ്രകടനങ്ങൾ, സൈനിക നീക്കങ്ങൾ എന്നിവയെക്കുറിച്ചുള്ള മുൻകൂർ അറിയിപ്പ് സംബന്ധിച്ച ഇന്ത്യ-പാകിസ്ഥാൻ കരാറിലെ പത്താം അനുച്ഛേദത്തിന്റെ നേരിട്ടുള്ള ലംഘനമാണ് പാകിസ്ഥാൻ കപ്പലിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എല്ലാ സൈനിക യൂണിറ്റുകളും കൃത്യമായ ജാഗ്രത പാലിക്കണമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധപ്പെട്ട കരാറുകൾ പാലിക്കണമെന്നും ബന്ധപ്പെട്ട അധികാരികളെ അറിയിക്കാൻ പാകിസ്ഥാൻ ചാർജ് ഡി അഫയേഴ്സിനോട് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിൽ സമാനമായ പ്രതിഷേധം അറിയിക്കാൻ ഇസ്ലാമാബാദിലെ ഇന്ത്യൻ ചാർജ് ഡി അഫയേഴ്സിനും ഇന്ത്യ നിർദ്ദേശം നൽകിയിട്ടുണ്ട്.







Comments