
തെന്നിന്ത്യന് സിനിമയിലെ പ്രിയപ്പെട്ട താരദമ്പതികളായ സൂര്യയുടെയും ജ്യോതികയുടെയും വിവാഹ വേഷത്തിലുള്ള പുതിയ ചിത്രങ്ങള് സോഷ്യല് മീഡിയയില് വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആരാധകര് ഏറെ ആവേശത്തോടെ ഏറ്റെടുത്ത ഈ ചിത്രങ്ങള്ക്ക് പിന്നില് പ്രവര്ത്തിച്ച ടീമിനെ പരിചയപ്പെടുത്തിയും നന്ദി അറിയിച്ചും ഇന്സ്റ്റഗ്രാമില് കുറിപ്പ് പങ്കിട്ടിരിക്കുകയാണ് ജ്യോതിക.
കുടുംബം രക്തബന്ധങ്ങളില് മാത്രം ഒതുങ്ങുന്നതല്ലെന്നും ആവശ്യപ്പെടാതെ തന്നെ എപ്പോഴും ഒപ്പമുണ്ടാകുന്നവരാണ് കുടുംബമെന്നും ജ്യോതിക കുറിച്ചു. സുഹൃത്തുക്കളായ ഇന്ദ്രജിത്തിനും ടിജയ്ക്കും താരം പ്രത്യേകം നന്ദി പറഞ്ഞു.
വിവാഹച്ചടങ്ങിന്റെ ഒരുക്കങ്ങള്ക്ക് നേതൃത്വം നല്കിയ ലിസ ബോയറിനും ജ്യോതിക നന്ദി അറിയിച്ചു. ആദ്യ സൂം കോളില് തുടങ്ങി മേക്കപ്പ്, പൂക്കള്, യാത്രാ ക്രമീകരണങ്ങള് തുടങ്ങി എല്ലാ കാര്യങ്ങളും ലിസ തന്നെ ഏകോപിപ്പിച്ചെന്നും താരം കുറിപ്പില് പറഞ്ഞു. ലിസയെ 'വണ്-മാന് ഷോ' എന്നാണ് ജ്യോതിക വിശേഷിപ്പിച്ചത്. ''ഞങ്ങളുടെ സീക്വല് ഒരുക്കിയതിന് നന്ദി'' എന്നായിരുന്നു ലിസയ്ക്കുള്ള താരത്തിന്റെ പ്രത്യേക നന്ദി.
സ്റ്റൈലിസ്റ്റ് രാധിക മെഹ്റയും മൂന്ന് മാസത്തോളം തങ്ങള്ക്കായി പ്രവര്ത്തിച്ചുവെന്ന് ജ്യോതിക പറഞ്ഞു. കോര്ഡിനേറ്റര് മനോജ് ദാസിനും സംഘത്തിനും, ഈ പ്രത്യേക നിമിഷങ്ങള് പകര്ത്തിയ ഡി ലാന്ഡ് ജെജെ വെഡ്ഡിങ്സിനും താരം നന്ദി അറിയിച്ചു.
1999-ല് 'പൂവെല്ലാം കേട്ടുപ്പാര്' എന്ന ചിത്രത്തിലൂടെ ആദ്യമായി ഒന്നിച്ച ഇരുവരും പിന്നീട് പ്രണയത്തിലാവുകയും 2006-ല് വിവാഹിതരാവുകയും ചെയ്തു. വര്ഷങ്ങള്ക്ക് ശേഷവും ഇവരുടെ ഈ പുതിയ ചിത്രങ്ങള് വലിയ സ്നേഹത്തോടെയാണ് ആരാധകര് ഏറ്റെടുത്തിരിക്കുന്നത്.

Comments