
ബോളിവുഡ് സിനിമകളിലൂടെ തുടക്കം കുറിച്ച് പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലടക്കം തിളങ്ങിയ അഭിനേത്രിയാണ് ജെനീലിയ ഡിസൂസ. ക്യൂട്ടായ ബബ്ലിയായ കഥാപാത്രങ്ങളിലൂടെയാണ് ജെനീലിയ പ്രേക്ഷകമനസ്സിലിടം പിടിച്ചത്. ആദ്യചിത്രത്തില് ഒരുമിച്ചഭിനയിച്ച റിതേഷ് ദേശ്മുഖിനെ വിവാഹം ചെയ്ത ജെനീലിയ പിന്നീട് കരിയറും കുടുംബജീവിതവും ഒരേ രീതിയില് ബാലന്സ് ചെയ്തു കൊണ്ടു പോയി. ബോളിവുഡിന്റെ പവര് കപ്പിള്സ് കൂടിയാണ് ഇവര് രണ്ടാളും.
സിനിമയില് നിന്ന് ഇടവേളയെടുത്ത സമയത്തും സോഷ്യല് മീഡിയയില് സജീവമായിരുന്നു ജെനീലിയ. തന്റെ എല്ലാ വിശേഷങ്ങളും സന്തോഷങ്ങളും പുത്തന് ഫോട്ടോഷൂട്ടുകളും താരം അതിലൂടെ പങ്കിടാറുണ്ടായിരുന്നു. തന്റെ വസ്ത്രധാരണശൈലിയിൽ നിശബ്ദമായി മാറ്റങ്ങൾ വരുത്തി എങ്ങനെ മെച്ചപ്പെടുത്താമെന്നുള്ളത് ജെനീലിയയ്ക്ക് കൃത്യമായി അറിയാം. ഫാഷന് സ്റ്റൈലിംഗില് തന്റേതായ ഒരു ഐഡന്റിറ്റി നിലനിര്ത്താന് താരം പലപ്പോഴും ശ്രമിക്കാറുണ്ട്.
ഇപ്പോഴിതാ പരമ്പരാഗത ഇന്ത്യൻ കരവിരുതിന് ഒരു പുതുമയുള്ള ഭാവം നൽകുകയാണ് ജെനീലിയ ദേശ്മുഖ്. സവിശേഷമായ ശൈലിയും സമൃദ്ധമായ വിശദാംശങ്ങളുമുള്ള രണ്ട് തരം വസ്ത്രങ്ങള് ഒരുമിപ്പിച്ചാണ് താരത്തിന്റെ പുതിയ സ്റ്റൈല്. കടും പച്ച നിറത്തിലുള്ള ബനാറസി ലെഹങ്കയ്ക്കൊപ്പം കലംകാരി ദുപ്പയണിഞ്ഞുള്ള താരത്തിന്റെ ലുക്ക് സോഷ്യല് മീഡിയ ഏറ്റെടുക്കുകയാണ്. ഒരേ വർണ്ണശ്രേണിയിലുള്ള ലെഹങ്കയിൽ സ്വർണ്ണനിറത്തിലുള്ള ഡിസൈനുകളാണ് ചെയ്തിരിക്കുന്നത്. ഫ്ലോറല് ഡിസൈനുകളും നിറങ്ങളും നിറഞ്ഞ വ്യത്യസ്തമായ ശൈലിയിലുള്ള കലംകാരി ദുപ്പട്ടയാണ് താരം ഇതിനൊപ്പം ജോഡിയാക്കിയിരിക്കുന്നത്. പല തട്ടുകളായുള്ള ചോക്കർ മാലയും കൈ നിറയെ വളകളും നീളത്തിൽ ഭംഗിയായി പിന്നിയ മുടിയും കൂടിയായപ്പോള് ട്രഡീഷണല് ലുക്കിന് പുതിയ സൗന്ദര്യം വന്നു. ബനാറസി നെയ്ത്ത് പാറ്റേൺ മുതൽ കലങ്കാരി ദുപ്പട്ടയിലെ ഇടതിങ്ങിനിറഞ്ഞ പൂക്കളുടെ ഡിസൈൻ വരെ ഓരോ വിശദാംശത്തിലും മികച്ച കരവിരുതുണ്ട്. താരത്തിന്റെ മിക്സ് ആന്ഡ് മാച്ച് സ്റ്റൈല് ഏറ്റെടുക്കുകയാണ് ആരാധകര്.







Comments