
തിരുവനന്തപുരം: റിപ്പോര്ട്ടര് ടിവിയില് നടന്ന പോലീസ് റെയ്ഡിനെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മാധ്യമസ്വാതന്ത്ര്യം ഒരു രീതിയിലും ഹനിച്ചിട്ടില്ലെന്നും ആരുതെറ്റ് ചെയ്താലും നിയമം അവര്ക്ക് പിന്നാലെ ഉണ്ടാകുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. മെസി വരുമെന്ന് പറഞ്ഞ് ആളുകളെ പറ്റിച്ച കേസാണിത്. ഇത് അന്വേഷിക്കേണ്ടെന്നാണോ മാധ്യമങ്ങളുടെ നിലപാടെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
തട്ടിപ്പ്കേസിലെ പ്രതിയായ കമ്പനി നടക്കുന്നത് മാധ്യമസ്ഥാപനം കേന്ദ്രീകരിച്ചാണ്. അതുകൊണ്ടാണ് ചാനല്കേന്ദ്രത്തില് റെയ്ഡ് നടന്നത്. എല്ലാം ഒരു സ്ഥലത്താണ് പ്രവര്ത്തിക്കുന്നത്. മാധ്യമസ്ഥാപനം പ്രവര്ത്തിക്കുന്നിടത്ത് തന്നെയാണ് കമ്പനിയും പ്രവര്ത്തിക്കുന്നത്. നിയമവിരുദ്ധമായ ഒരു നടപടിയും കേരളാ ഗവണ്മെന്റോ പോലീസോ ചെയ്തിട്ടില്ല. റെയ്ഡ് നടന്നത് കൃത്യമായ വാറണ്ടോട് കൂടിയാണ്.
കേസില് എന്തു വേണമെന്ന് തീരുമാനിക്കുന്നത് എസ്ഐടിയാണ്. അതില് ആഭ്യന്തരമന്ത്രിയോ മുഖ്യമന്ത്രിയോ ഇടപെട്ടിട്ടില്ല. കേരളത്തില് മാധ്യമസ്വാതന്ത്ര്യത്തിന് യുഡിഎഫ് എതിരല്ല. മാധ്യമങ്ങള്ക്ക് എതിരായ നടപടികള് ഈ സര്ക്കാരിന്റെ നയമല്ല. കഴിഞ്ഞ സര്ക്കാരിന്റെ കാലത്തു നടന്ന വലിയൊരു തട്ടിപ്പാണ് അന്വേഷിക്കുന്നത്. അതുമായി ബന്ധപ്പെട്ട കാര്യം അന്വേഷിക്കണമെന്ന് സ്പോര്ട്സ് മന്ത്രാലയം മുഖ്യമന്ത്രിക്ക് റിപ്പോര്ട്ട് നല്കി. മുഖ്യമന്ത്രി ആ റിപ്പോര്ട്ട് ആഭ്യന്തരവകുപ്പിന് നല്കി. അത് പരിശോധിച്ചാണ് എസ്ഐടി അന്വേഷണത്തിന് നിര്ദേശിച്ചത്.
എസ്ഐടി നിയമപരമായ നടപടികളുമായി മുമ്പോട്ട് പോകും. റെയ്ഡുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിയമപരമാണ്. വീഡിയോഗ്രാഫി ചെയ്തിട്ടുണ്ട്. റെയ്ഡിനെ അടിയന്തിരാവസ്ഥ കാലം ചൂണ്ടിക്കാട്ടി താരതമ്യപ്പെടുത്തേണ്ട. ഈ നാട്ടില് അടിയന്തിരാവസ്ഥ ഇല്ല. സിപിഐഎം മാധ്യമസ്വാതന്ത്ര്യം ഞങ്ങളെ പഠിപ്പിക്കാന് വരേണ്ടതില്ലെന്നും പറഞ്ഞു. ഒരു മാധ്യമസ്വാതന്ത്ര്യം നിഷേധിച്ചിട്ടില്ലെന്നും ആരോപണങ്ങള് പരിശോധിക്കും. മാധ്യമസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതും മാധ്യമപ്രവര്ത്തകര് അറസ്റ്റിലായതും കഴിഞ്ഞ പത്തുവര്ഷമാണ്. അതെല്ലാം ജനങ്ങള് കണ്ടതാണെന്നും പറഞ്ഞു.







Comments