
ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തിയാറാം ജന്മദിനമാണ് 2026 സെപ്തംബർ 17. സോഷ്യൽ മീഡിയയിൽ ജെൻസിയുടെ ആവേശത്തിരയിളക്കം നടക്കുമ്പോഴും സോഷ്യൽ മീഡിയയിൽ പ്രധാനമന്ത്രി മോദിക്ക് ഇന്നും ചെറുപ്പമാണ്. അദ്ദേഹത്തിന് സോഷ്യൽ മീഡിയയിൽ ഒരു സാമ്രാജ്യം തന്നെ സൃഷ്ടിക്കാൻ സാധിച്ചു എന്ന് പറയുന്നതിൽ തെറ്റില്ല. മോദിയുടെ ഡിജിറ്റൽ ഫോളോവേഴ്സിന്റെ വ്യാപ്തി അദ്ദേഹത്തെ ലോകമെമ്പാടുമുള്ള ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന രാഷ്ട്രീയ വ്യക്തികളിൽ ഒരാളാക്കി മാറ്റിയിരിക്കുന്നു. എക്സ്, ഇൻസ്റ്റാഗ്രാമുകൾ, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവ അദ്ദേഹത്തിന്റെ ഡിജിറ്റൽ ആശയവിനിമയ തന്ത്രത്തിന്റെ പ്രധാന അടിത്തറയാണ്.
ഇൻസ്റ്റാഗ്രാമിൽ 100 ദശലക്ഷത്തിലധികം (10 കോടി) ഫോളോവേഴ്സിനെ പിന്നിടുകയും പ്ലാറ്റ്ഫോമിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന ലോകനേതാവായി മാറുകയും ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയൊരു സോഷ്യൽ മീഡിയ സാന്നിധ്യം തന്നെ കെട്ടിപ്പടുത്തിട്ടുണ്ട്. റീൽസുകൾ, യുവജന കേന്ദ്രീകൃതമായ ഉള്ളടക്കങ്ങൾ, വൈറൽ നിമിഷങ്ങൾ എന്നിവയുടെ ഉപയോഗം അദ്ദേഹത്തിന്റെ ഡിജിറ്റൽ സ്വാധീനത്തെ കൂടുതൽ ശക്തിപ്പെടുത്തിയിരിക്കുന്നു.മോദിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിലവിലെ ട്രെൻഡുകൾ പിന്തുടരുകയും ഇന്ത്യയിലെ യുവാക്കളെ ബന്ധപ്പെടുത്താൻ കഴിയുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ നിർമ്മിക്കുകയും ചെയ്യുന്നു.
എക്സിൽ നരേന്ദ്ര മോദിക്ക് 100 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്. 2024 ജൂലൈയിലാണ് അദ്ദേഹം ഈ നാഴികക്കല്ല് പിന്നിട്ടത്. ഇൻസ്റ്റാഗ്രാമിൽ 106 ദശലക്ഷം ഫോളോവേഴ്സ് ഉള്ള അദ്ദേഹം, ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ ലോകനേതാവും രാഷ്ട്രീയക്കാരനുമാണ്. യു ട്യൂബിനും ഇതേ കഥ തന്നെയാണ് പറയാനുള്ളത്. 2026 മാർച്ചിൽ മോദിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ 30 ദശലക്ഷം വരിക്കാരെ പിന്നിട്ടു. അതോടെ, ഒരു ലോകനേതാവിന്റെ ഉടമസ്ഥതയിലുള്ള ഏറ്റവും കൂടുതൽ വരിക്കാരുള്ള യൂട്യൂബ് ചാനലായി.
ഇന്ത്യയുടെ പ്രധാനമന്ത്രി അതിമനോഹരമായാണ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്. ഒന്നിലധികം പ്ലാറ്റ്ഫോമുകളുടെ നിരന്തര ഉപയോഗവും കാഴ്ചക്കാരെ പിടിച്ചു നിർത്താൻ സഹായിക്കുന്ന തരത്തിലുള്ള അവതരണങ്ങളും അദ്ദേഹത്തെ ജനങ്ങളോട് കൂടുതൽ അടുപ്പിക്കുന്നു.







Comments