
തിരുവനന്തപുരം: യാത്രാേ്രപമികള് ഏറെനാളായി കാത്തിരിക്കുന്ന കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സര്വീസിന്റെ ഉദ്ഘാടനം 22 ന്. തമ്പാനൂര് ഹോട്ടല് ചൈത്രത്തില് രാത്രി ഏഴരയ്ക്കു നടക്കുന്ന ചടങ്ങില് മന്ത്രി സി.പി. ജോണ് ഉദ്ഘാടനകര്മം നിര്വഹിക്കും.
ബജറ്റ് ടൂറിസത്തിനായി തയാറാക്കിയ പുതിയ സോഫ്റ്റ്വെയര്, വെയിറ്റിങ് ലിസ്റ്റ് സംവിധാനം എന്നിവയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. ലക്ഷദ്വീപ് ആദ്യയാത്രയ്ക്കായി തെരഞ്ഞെടുക്കപ്പെട്ട 10 യാത്രക്കാര്ക്കും ജൂലൈ, ഓഗസ്റ്റ് മാസങ്ങളില് മികച്ച പ്രകടനം കാഴ്ചവച്ച കെ.എസ്.ആര്.ടി.സി ജീവനക്കാര്ക്കും യൂണിറ്റുകള്ക്കും മന്ത്രി ഉപഹാരം സമ്മാനിക്കും. സോഫ്റ്റ്വെയര് നിലവില് വരുന്നതോടെ യാത്രക്കാര്ക്ക് ഓണ്ലൈന് വഴി ടിക്കറ്റുകള് ബുക്ക് ചെയ്യാനാകും.
ഇന്ത്യന് റെയില്വേയ്ക്കു സമാനമായി കെ.എസ്.ആര്.ടി.സി ടിക്കറ്റ് റിസര്വേഷനിലും വെയിറ്റിങ് ലിസ്റ്റ് ഏര്പ്പെടുത്തുന്നതാണ് പുതുതായി ഒരുക്കുന്ന മറ്റൊരു സംവിധാനം. തമ്പാനൂര് വാര്ഡ് കൗണ്സിലര് ആര്. ഹരികുമാര് ചടങ്ങില് അധ്യക്ഷത വഹിക്കും. കെ.എസ്.ആര്.ടി.സി എം.ഡി: ഡോ. പി.എസ് പ്രമോജ് ശങ്കര്, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്, രാഷ്ട്രീയപ്രമുഖര് തുടങ്ങിയവര് പങ്കെടുക്കും.
ഹൈദരാബാദ് യാത്രാ പാക്കേജ്
ഹൈദരാബാദില് മൂന്നു പകലും രണ്ടു രാത്രിയും, രണ്ടു പകലും ഒരു രാത്രിയും എന്നിങ്ങനെ ചെലവഴിക്കുന്ന രണ്ടു പാക്കേജുകളാണ് യാത്രക്കാര്ക്കായി കെ.എസ്.ആര്.ടി.സി ഒരുക്കിയിരിക്കുന്നത്. ഹൈദരാബാദിലെ താമസം, ഭക്ഷണം, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പ്രവേശന ഫീസ് എന്നിവ പാക്കേജില് ഉള്പ്പെടുന്നു.
മൂന്നു പകലും രണ്ടു രാത്രിയുമുള്ള പാക്കേജില് നെഹ്റു സുവോളജിക്കല് പാര്ക്ക്, ബിര്ള മന്ദിര്, എന്.ടി.ആര് ഗാര്ഡന്, അംബേദ്കര് പ്രതിമ, ലുംബിനി പാര്ക്ക്, ഹുസൈന് സാഗര്, രാമോജി ഫിലിം സിറ്റി, ഹൈടെക് സിറ്റി, ഗോല്കൊണ്ട കോട്ട, സലാര് ജങ് മ്യൂസിയം, ചൗമഹല് പാലസ്, മെക്കാ മസ്ജിദ്, ചാര്മിനാര് എന്നിവയാണു സന്ദര്ശിക്കുന്നത്.
രണ്ടുപകലും ഒരു രാത്രിയുമുള്ള പാക്കേജില് ഗോല്കൊണ്ട കോട്ട, സലാര് ജങ് മ്യൂസിയം, ചാര്മിനാര്, മക്ക മസ്ജിദ്, ലുംബിനി പാര്ക്ക്, ഹുസൈന് സാഗര്, ബിര്ള മന്ദിര്, രാമോജി ഫിലിം സിറ്റി എന്നിവിടങ്ങളാണ് ഉള്പ്പെടുത്തിയിരിക്കുന്നത്. ആദ്യദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിച്ച് നാലാംദിവസം രാവിലെ 10 ന് തിരിച്ചെത്തുന്ന രീതിയിലാണു യാത്രാക്രമീകരണം. ഒരു മുറിയില് മൂന്നുപേര്ക്കാണ് താമസം നല്കുക. യാത്രയില് വിവിധ ഇടങ്ങളില് മൊബൈല് ഫോണ്, ബാഗ്, ചെരുപ്പ് എന്നിവ സൂക്ഷിക്കുന്നതിനുള്ള ഫീസ് യാത്രികര് സ്വന്തമായി നല്കണം.
ലക്ഷദ്വീപ് യാത്രാ പാക്കേജ്
കൊച്ചിയില് നിന്ന് വിമാനമാര്ഗം ലക്ഷദ്വീപിലെത്തി അഗത്തി, കല്പ്പിട്ടി ദ്വീപുകള് സന്ദര്ശിക്കുന്നതാണ് ലക്ഷദ്വീപ് യാത്രാ പാക്കേജ്. മൂന്നു രാത്രിയും നാലു പകലും നീളുന്ന യാത്ര സാധാരണക്കാരുടെ ബജറ്റില് ഒതുങ്ങുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. യാത്രികരുടെ താല്പര്യമനുസരിച്ച് ഹോം സ്റ്റേ, റിസോര്ട്ട് എന്നീ രണ്ടു താമസസൗകര്യങ്ങള് പാക്കേജില് ലഭ്യമാണ്. ലക്ഷദ്വീപ് പെര്മിറ്റ്, വിമാനത്താവളത്തില് നിന്നുള്ള യാത്ര, രണ്ടുപേര്ക്ക് ഒരു മുറി എന്ന നിലയിലുള്ള താമസം, ഭക്ഷണം, വൈഫൈ, ഇന്ഷുറന്സ് എന്നിവ പാക്കേജിന്റെ ഭാഗമാണ്.
അഗത്തിയിലെ ബീച്ചുകള്, സൂര്യാസ്തമയം എന്നിവ കാണുന്നതിനൊപ്പം കല്പ്പിട്ടി ദ്വീപിലേക്കുള്ള പ്രത്യേക ബോട്ടുയാത്രയും ഒരുക്കിയിട്ടുണ്ട്. സ്നോര്ക്കലിങ്, ബോട്ട് യാത്ര, കയാക്കിങ്, ഡോള്ഫിനെയും കടലാമയെയും കാണാനുള്ള സൗകര്യം തുടങ്ങിയവയും യാത്രയില് ഉള്പ്പെടുന്നു. സ്കൂബ ഡൈവിങ്, പാരാസെയിലിങ് എന്നിവ ആസ്വദിക്കാന് താല്പര്യമുള്ളവര് യഥാക്രമം 4000, 3500 രൂപ വീതം അധികമായി നല്കണം. മാംസാഹാരം ഒഴിവാക്കേണ്ടവര് ബുക്കിങ് സമയത്തുതന്നെ മുന്കൂട്ടി അറിയിക്കണം.
യാത്രയ്ക്കുള്ള സീറ്റ് ഉറപ്പാക്കാന് ബുക്കിങ് ദിവസംതന്നെ മുഴുവന് തുകയും അടയ്ക്കണം. രണ്ടു വയസിനു മുകളിലുള്ള കുട്ടികള്ക്ക് മുഴുവന് വിമാനനിരക്കും ബാധകമാണ്. ബുക്കിങ്ങിനും കൂടുതല് വിവരങ്ങള്ക്കും കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിസം സെല് സംസ്ഥാന കോ-ഓര്ഡിനേറ്ററുമായി ബന്ധപ്പെടണം. ഫോണ്: 7907273399, 9961228777.







Comments