
മൂവാറ്റുപുഴ: മാത്യു കുഴല്നാടന് എം.എല്.എയുടെ പൈങ്ങോട്ടൂരിലെ നിര്മാണത്തിലിരിക്കുന്ന വീട്ടില് നിന്നും അമ്പതിനായിരം രൂപ വില വരുന്ന വയറിങ് കേബിള് കവര്ന്ന അതിഥിത്തൊഴിലാളിയെ പോലീസ് സാഹസികമായി പിടികൂടി.
പശ്ചിമബംഗാള് മുര്ഷിദാബാദ് റാണി നഗര് ചര്മുന്സിപാറ ബിഷ്ണു മണ്ഡലാണ്(24) പിടിയിലായത്. കല്ലൂര്ക്കാട് സര്ക്കിള് ഇന്സ്പെക്ടര് സിബി തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അതിഥിത്തൊഴിലാളികള് കൂട്ടമായി താമസിക്കുന്ന മൂവാറ്റുപുഴ കൊച്ചങ്ങാടിയില് നിന്ന് ബലം പ്രയോഗിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോത്താനിക്കാട് പോലീസ് സ്റ്റേഷന് പരിധിയിലുള്ള മടത്തോത്തുപാറയിലെ എം.എല്.എ. യുടെ വീട്ടിലാണ് കവര്ച്ച നടന്നത്. പരാതി ലഭിച്ചതോടെ രംഗത്തിറങ്ങിയ പോലീസ് മണിക്കൂറുകള്ക്കുള്ളില് പ്രതിയെ തിരിച്ചറിഞ്ഞു.
പിന്നീട് നടത്തിയ ആസൂത്രിത നീക്കത്തിലൂടെ വാസ സ്ഥലം കണ്ടെത്തി.
ഇവിടെ മഫ്തിയിലെത്തിയ പോലീസ് സംഘം മണിക്കൂറുകള് ചെലവഴിച്ചാണ് പ്രതിയെ കണ്ടെത്തിയത്. പിടിവീഴുമെന്നായപ്പോള് പ്രതി മറ്റ് അതിഥിത്തൊഴിലാളികളോടൊത്ത് തടയാന് ശ്രമിച്ചു. എന്നാല് ഇരച്ചുകയറിയ പോലീസ് സംഘം ഞൊടി ഇടയില് ബലപ്രയോഗത്തിലൂടെ പ്രതിയെ കസ്റ്റഡിയില് എടുത്തു. നിരവധി കേസിലെ പ്രതിയാണ് ഇയാള്. മൂവാറ്റുപുഴ പോലീസ് രജിസ്റ്റര് ചെയ്ത കേസില് ജയില്വാസം കഴിഞ്ഞ് ഇറങ്ങിയതാണ്. പകല് മുഴുവന് മുറിയില് കിടന്നുറങ്ങി വൈകുന്നേരം പുറത്തിറങ്ങിയാണ് മോഷണം നടത്തിവന്നിരുന്നത്.
നിര്മാണം നടക്കുന്ന വീടുകള് കേന്ദ്രീകരിച്ചാണ് മോഷണം ആസൂത്രണം ചെയ്തിരുന്നത്. പൈങ്ങോട്ടൂര്, പോത്താനിക്കാട്, ബസ് സ്റ്റാന്ഡ് പരിസരം എന്നിവിടങ്ങളിലെ ഇരുപത്തിഅഞ്ചിലേറെ ക്യാമറകള് ശാസ്ത്രീയ പരിശോധന നടത്തിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വളരെ വിദഗ്ധമായാണ് പ്രതി കേബിളുകള് മുറിച്ചു മാറ്റിയത്. കഴിഞ്ഞവര്ഷം മൂവാറ്റുപുഴ കാവിലെ ജനറേറ്റര് കേബിള് മോഷ്ടിച്ചതിനും മൂവാറ്റുപുഴയിലെ ബി.എസ്.എന്.എല്. കെട്ടിടത്തിലെ വിലകൂടിയ ചെമ്പ് വയറുകള് മോഷ്ടിച്ചതിനും മറ്റൊരു മോഷണത്തിനും ജയിലില് കിടന്ന ഇയാള് ഒന്നരമാസം മുമ്പാണ് ജയിലില് നിന്നും പുറത്തിറങ്ങിയത്.
ലഹരി വസ്തുക്കള് വാങ്ങുന്നതിനും ആര്ഭാട ജീവിതം നയിക്കുന്നതിനുമാണ് മോഷണം നടത്തിവന്നിരുന്നത്. മൂവാറ്റുപുഴ ഡിവൈ.എസ്പി: കെ.ആര്. മനോജിന്റെ മേല്നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തില് കല്ലൂര്ക്കാട് സര്ക്കിള് ഇന്സ്പെക്ടര് സിബി തോമസ്, പോത്താനിക്കാട് സ്റ്റേഷന് എസ്.ഐമാരായ സി.ആര്. രഞ്ജു മോള്, സിജു ജോസഫ്, പി.വി. എല്ദോസ്, കെ.കെ. ബിജു, നിജു കെ. ഭാസ്കര്, സീനിയര് സി.പി.ഒ. ബിബില് മോഹന്, സി.പി.ഒ. നിയാസുദ്ദീന് എന്നിവരാണുണ്ടായിരുന്നത്.







Comments