
കാൺപൂർ: സർക്കാർ ആശുപത്രിയിൽ എമർജൻസി മെഡിക്കൽ ഓഫീസർ ഡോ. രാംകേഷ് കോടതിയിൽ ഹാജരാകാൻ പോയ സമയത്ത്, അദ്ദേഹത്തിന്റെ ഡ്രൈവർ രോഗികൾക്ക് മരുന്ന് കുറിച്ച് നൽകിയതായി പരാതി. സംഭവത്തിൽ ആശുപത്രി അധികാരികൾ ഡോക്ടറോട് വിശദീകരണം തേടി.
സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോയിലാണ് ഡോക്ടറുടെ കസേരയിലിരുന്ന് ഡ്രൈവർ രോഗികളെ ഓരോരുത്തരായി വിളിച്ച് അസുഖങ്ങളെക്കുറിച്ച് ചോദിച്ചറിയുന്നതും കുറിപ്പടിയിൽ മരുന്നുകൾ എഴുതിനൽകുന്നതും വ്യക്തമായത്. ആശുപത്രിയിൽ ഈ മരുന്നുകൾ ലഭ്യമല്ലെന്നും പുറത്തുനിന്നു വാങ്ങണമെന്നും ഇയാൾ രോഗികളോട് പറഞ്ഞതായി ആരോപണമുണ്ട്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ഈ വീഡിയോ പുറത്തുവന്നത്. സംഭവത്തെക്കുറിച്ച് അറിയാൻ കഴിഞ്ഞതായും ഡോ. രാംകേഷിനോട് വിശദീകരണം തേടിയതായും കാൻഷിറാം ആശുപത്രി ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. പിയൂഷ് മിശ്ര വ്യക്തമാക്കി. ഡോക്ടറുടെ ഭാഗത്തുനിന്ന് തൃപ്തികരമായ വിശദീകരണം ലഭിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
തന്റെ ഡ്രൈവർ കുറിപ്പടി എഴുതുന്നത് വീഡിയോയിൽ കാണാമെന്ന് ഡോ. രാംകേഷ് പിന്നീട് സമ്മതിച്ചു. കോടതിയിൽ സാക്ഷിപറയാൻ പോയ സമയത്താണ് സംഭവിച്ചതെന്നും കുറിപ്പടി എഴുതിയത് തന്റെ ഡ്രൈവർ തന്നെയാണെന്നും അദ്ദേഹം ആശുപത്രി അധികാരികളോട് പറഞ്ഞു. ചികിത്സ തേടിയെത്തിയ പരിചയക്കാരനായ ഒരു രോഗിക്ക് വേണ്ടിയാണ് ഡ്രൈവർ മരുന്ന് എഴുതിനൽകിയതെന്നും, സ്വന്തം നിലയിൽ പ്രവർത്തിച്ച ആ ഡ്രൈവറെ താൻ ജോലിയിൽ നിന്ന് ഒഴിവാക്കിയതായും ഡോ. രാംകേഷ് വ്യക്തമാക്കി.







Comments