
ടോക്യോ: ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ക്വാർട്ടർ മത്സരം കളിക്കാനാകാതെ ചൈന പുറത്തായി. മത്സരം ഉപേക്ഷിച്ചതോടെ ഒരു പന്തുപോലും നേരിടാതെ ബംഗ്ലാദേശ് സെമിഫൈനലിലേക്ക് മുന്നേറി. അന്താരാഷ്ട്ര റാങ്കിങ്ങിലെ മുൻതൂക്കമാണ് ബംഗ്ലാദേശിന് സെമി ഉറപ്പാക്കിയത്.
കനത്ത മഴയ്ക്ക് പിന്നാലെ ഗ്രൗണ്ടിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെയാണ് മത്സരം നടത്താനാകാതെ വന്നത്. ടോസ് പോലും നടത്താതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ജപ്പാനിലെ ഐച്ചി പ്രവിശ്യയിലെ നിഷിൻ നഗരത്തിലെ കരോജി സ്പോർട്സ് പാർക്കിലായിരുന്നു മത്സരം നിശ്ചയിച്ചിരുന്നത്.
ഏഷ്യൻ ഗെയിംസിലെ ക്രിക്കറ്റ് ക്വാർട്ടർ, സെമി ഫൈനൽ, ഫൈനൽ ഘട്ടങ്ങളായാണ് നടക്കുന്നത്. വനിതാ ടി20 റാങ്കിങ്ങിൽ ബംഗ്ലാദേശ് പത്താം സ്ഥാനത്തും ചൈന 36-ാം സ്ഥാനത്തുമാണ്. ഉയർന്ന റാങ്കിന്റെ അടിസ്ഥാനത്തിലാണ് ബംഗ്ലാദേശിനെ സെമിയിലേക്ക് പരിഗണിച്ചത്.
ഈ മാസം 20നാണ് ഇന്ത്യയുടെ ആദ്യ മത്സരം. ക്വാർട്ടറിൽ ജപ്പാനാണ് ഇന്ത്യയുടെ എതിരാളി. ഈ മത്സരത്തിലെ വിജയികളാണ് സെമിയിൽ ബംഗ്ലാദേശിനെ നേരിടുക. ഏഷ്യൻ ഗെയിംസിൽ എട്ട് ടീമുകളാണ് വനിതാ ക്രിക്കറ്റിൽ മത്സരിക്കുന്നത്. നിലവിലെ വനിതാ ക്രിക്കറ്റ് സ്വർണ മെഡൽ ജേതാക്കൾ ഇന്ത്യയാണ്.







Comments