
തിരുവനന്തപുരം: ലഹരിക്കെതിരായ കേരള പൊലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയിൽ സംസ്ഥാനത്തുടനീളം ഇതുവരെ 11,776 പേർ അറസ്റ്റിലായി. കഴിഞ്ഞ ദിവസം 77 കേസുകളിലായി 88 പേരെ കൂടി അറസ്റ്റ് ചെയ്തതോടെ ആകെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 10,918 ആയി.
ഓപ്പറേഷന്റെ ഭാഗമായി ഇതുവരെ 23,925.120 ഗ്രാം എംഡിഎംഎയും 1,457.401 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 26 കേസുകളും മീഡിയം ക്വാണ്ടിറ്റിക്ക് അഞ്ച് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റിക്ക് മൂന്ന് കേസുകളും എൻഡിപിഎസ് ആക്ട് പ്രകാരം 43 കേസുകളും കോട്പ പ്രകാരം 37 കേസുകളും ഉൾപ്പെടുന്നു.
കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ 89.330 ഗ്രാം എംഡിഎംഎ, 1.091 കിലോഗ്രാം കഞ്ചാവ്, 17.06 ഗ്രാം ഹാഷിഷ് ഓയിൽ, 8.14 ഗ്രാം ബ്രൗൺ ഷുഗർ എന്നിവ പിടിച്ചെടുത്തു.
ഓപ്പറേഷന്റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്ത് 34 ബോധവത്കരണ ക്ലാസുകളും പൊലീസ് നടത്തി. ഇതോടെ ആകെ നടത്തിയ ബോധവത്കരണ ക്ലാസുകളുടെ എണ്ണം 9,864 ആയി. 781 കൗൺസിലിങ്ങുകളും സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ 6,877 ബോധവത്കരണ പരിപാടികളും ഇതുവരെ സംഘടിപ്പിച്ചു.







Comments