
കൽപ്പറ്റ: അനധികൃതമായി മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ആന്റോയെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റും. ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും.
വയനാട് വാഴവറ്റയിലെ ആന്റോയുടെ വീട്ടിൽ നിന്ന് 12.75 ലിറ്റർ വ്യാജമദ്യം പിടിച്ചെടുത്തതായി എക്സൈസ് അറിയിച്ചു. ഇന്ന് അറസ്റ്റിലായ ആന്റോയെ രാത്രി ഏഴ് മണിയോടെയാണ് കോടതിയിൽ ഹാജരാക്കിയത്.
മദ്യം കണ്ടെത്തിയ വീട് ആന്റോയുടെ പേരിലുള്ളതാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. 2025-ലെ നികുതി അടച്ച രേഖകളും ഹാജരാക്കിയതായി പ്രോസിക്യൂഷൻ വ്യക്തമാക്കി. എന്നാൽ പ്രതിഭാഗം സമർപ്പിച്ച രേഖകൾ 2025ന് മുമ്പുള്ളതാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. വ്യാജമദ്യം കണ്ടെത്തിയതടക്കമുള്ള കാര്യങ്ങളും കോടതിയെ ധരിപ്പിച്ചു.
വാഴവറ്റയിലെ വീട്ടിൽ നിന്ന് അനധികൃത മദ്യശേഖരം കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. എക്സൈസ് എസി ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലെ ഓഫീസിലെത്തി ആന്റോയെ അറസ്റ്റ് ചെയ്തത്.







Comments