
തിരുവനന്തപുരം: സിഎംആര്എല് - എക്സാലോജിക് കേസില് മുന് മുഖ്യമന്ത്രി പിണറായി വിജയനും മുന് മന്ത്രി പിഎ മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുന്നതില് നിയമോപദേശം ഇന്ന് ഉണ്ടായേക്കും. വിജിലന്സ് പ്രാഥമിക അന്വേഷണം ഉണ്ടാകാനാണ് സാധ്യത. മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തിയ ശേഷമായിരിക്കും തീരുമാനം പ്രഖ്യാപിക്കുക.
എജി, ഡിജിപി എന്നിവര് ആഭ്യന്തര മന്ത്രിയ്ക്ക് നിയമോപദേശം കൈമാറും. അഴിമതി നിരോധന കേസില് നിയമോപദേശം തേടിയിട്ടുണ്ടെന്നും പിണറായി വിജയന് ഉള്പ്പടെയുള്ളവര്ക്കെതിരെ കേസെടുക്കണമെന്ന ഇ ഡി ശുപാര്ശയില് നിയമോപദേശം വന്ന ശേഷമായിരിക്കും നടപടിയെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം. കഴിഞ്ഞ ആഴ്ചയായിരുന്നു സിഎംആര്എല്-എക്സാലോജിക് സാമ്പത്തിക ഇടപാടില് ഡിജിപിക്ക് ഇ ഡി കത്ത് നല്കിയത്.
പിണറായി വിജയന്, വീണ ടി, മുന് മന്ത്രിയും എംഎല്എയുമായ പി എ മുഹമ്മദ് റിയാസ് എന്നിവര്ക്കെതിരെ കേസെടുക്കണം എന്നാണ് ആവശ്യം. വീണ വഴി പിണറായി 3.28 കോടി രൂപ സിഎംആര്എല്ലില് നിന്ന് കൈക്കൂലി വാങ്ങിയെന്ന് കത്തിലെ ആരോപണം. കൈക്കൂലിപ്പണം മുഹമ്മദ് റിയാസ് വീണ വഴിയും സുഹൃത്തുകള് വഴിയും ദുബായിലേക്ക് അയച്ചു. കൈക്കൂലിപ്പണം കൈപ്പറ്റാനും കടത്താനും വീണ, പിണറായി വിജയനെയും ഭര്ത്താവ് കൂടിയായ റിയാസിനെയും സഹായിച്ചുവെന്നും കത്തില് പറയുന്നുണ്ട്.
അതേസമയം മൊഴി പിന്വലിക്കല് സത്യവങ്മൂലങ്ങള് വന്നെങ്കിലും അന്വേഷണവുമായി മുന്നോട്ട് പോകാനാണ് ഇ.ഡി. തീരുമാനം. സര്ക്കാര് നീക്കം അനുസരിച്ചായിരിക്കും ഇ ഡിയുടെ തുടര്തീരുമാനങ്ങള്. സിഎംആര്എല് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല് ഏറെക്കുറെ പൂര്ത്തിയായി. വീണ ടിയെയും റിയാസിനെയും വിളിപ്പിക്കണോ എന്ന കാര്യത്തില് ഇനിയും തീരുമാനമായിട്ടില്ല.
കേസില് ഇഡിക്ക് നല്കിയ മൊഴി പിന്വലിക്കണമെന്നാവശ്യപ്പെട്ട് സിഎംആര്എല് എംഡി ശശിധരന് കര്ത്ത ആവശ്യപ്പെട്ടതാണ് മൊഴി പിന്വലിക്കല് സത്യവാങ്മൂലങ്ങളില് അവസാനം എത്തിയത്. 2024ല് ഇഡി രേഖപ്പെടുത്തിയ മൊഴി പിന്വലിക്കണമെന്നാവശ്യപ്പെട്ട് ശശിധരന് കര്ത്തയ്ക്ക് വേണ്ടി സഹോദരന് ആണ് സത്യവാങ്മൂലം നല്കിയത്. ഇഡി നിര്ബന്ധിച്ച് ഭീഷണിപ്പെടുത്തി വിരലടയാളം പതിപ്പിച്ചു എന്നാണ് ആരോപണം.
സിഎംആര്എല് എം ഡി കൈക്കൂലി പണം നല്കി, സിഎംആര്എല് മുന് ചീഫ് ഫിനാന്ഷ്യല് ഓഫീസര് പി സുരേഷ് കുമാര് ഇടപാടുകള് നടത്താന് സഹായിച്ചു. കൈക്കൂലി പണം കൈപ്പറ്റുന്നതിനും കൈമാറുന്നതിനും വീണയെയും റിയാസിനെയും ഷൈജല്, പി നിഖില്, ഹസ്സന് വാരിഷ്, ഫൈസാജ് വി പി, നന്ദുലാല് എം എന്നിവര് സഹായിച്ചതായുമാണ് കത്തില് ഇ.ഡി. ആരോപണം.







Comments