
റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്ര തിരിക്കുമ്പോൾ മാതാപിതാക്കൾ യാത്രയാക്കാനെത്തുന്നത് പലർക്കും വൈകാരികമായ നിമിഷമാണ്. അത്തരമൊരു യാത്രയയപ്പിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഖുഷി സോളങ്കി എന്ന ഇൻസ്റ്റഗ്രാം ഉപയോക്താവാണ് മാതാപിതാക്കൾ തന്നെ യാത്രയാക്കാനെത്തിയ നിമിഷങ്ങൾ വീഡിയോയായി പങ്കുവെച്ചത്. സാധാരണയായി തോന്നുന്ന ഈ വിടപറയൽ നിമിഷമാണ് നിരവധി പേരുടെ ഹൃദയം കീഴടക്കിയത്.
വീഡിയോയിൽ യാത്ര തിരിക്കാനൊരുങ്ങുന്ന ഖുഷിയെ അച്ഛനും അമ്മയും റെയിൽവേ സ്റ്റേഷനിൽ യാത്രയാക്കുന്നത് കാണാം. ഇതിനിടെ ഖുഷി തന്റെ മാതാപിതാക്കളുടെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുന്നുണ്ട്. അതേസമയം അച്ഛനും മകളെ യാത്രയാക്കുന്ന നിമിഷം ഫോണിൽ റെക്കോർഡ് ചെയ്യുന്നുണ്ട്. ഇരുവരും ഒരേ നിമിഷം പരസ്പരം പകർത്തുന്ന കാഴ്ചയാണ് വീഡിയോയെ കൂടുതൽ ഹൃദ്യമാക്കുന്നത്.
“എന്റെ മാതാപിതാക്കൾ എന്നെ യാത്രയാക്കുന്നത് ഇങ്ങനെയാണ്” എന്ന അർഥം വരുന്ന കുറിപ്പോടെയാണ് ഖുഷി വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. മാതാപിതാക്കൾക്ക് മക്കളെ യാത്രയാക്കുന്ന ഓരോ നിമിഷവും എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് ഈ ചെറിയ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. വലിയ ആഘോഷങ്ങളൊന്നുമില്ലാതെ, റെയിൽവേ സ്റ്റേഷനിലെ ഒരു സാധാരണ യാത്രയയപ്പ് തന്നെ കുടുംബബന്ധത്തിന്റെ ആഴം കാണിക്കുന്ന നിമിഷമായി മാറുകയായിരുന്നു.
വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. “ഇന്ന് കണ്ടതിൽ ഏറ്റവും മികച്ച കാഴ്ച”, “വളരെ മനോഹരം” എന്നിങ്ങനെയുള്ള കമന്റുകളാണ് ലഭിച്ചത്. മാതാപിതാക്കളുടെ സ്നേഹവും കരുതലും നിറഞ്ഞ ഈ ലളിതമായ യാത്രയയപ്പ് പലർക്കും സ്വന്തം ജീവിതത്തിലെ സമാന നിമിഷങ്ങളെ ഓർമിപ്പിക്കുകയും ചെയ്തു.







Comments