
ന്യൂഡൽഹി: ഒക്ടോബർ 15 മുതൽ 2,000 രൂപയിൽ കൂടുതലുള്ള പേഴ്സൺ-ടു-മെർച്ചന്റ് (പി2എം) യുപിഐ ഇടപാടുകൾക്ക് 0.4 ശതമാനം എംഡിആർ (മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്) ബാധകമാകും. എന്നാൽ ഈ ഫീസ് ഉപഭോക്താക്കൾ നൽകേണ്ടതില്ല, വ്യാപാരികളാണ് ഇത് നൽകേണ്ടത്. ഉപഭോക്താക്കളിൽ നിന്ന് ഈ തുക ഈടാക്കുന്നത് നിയമവിരുദ്ധവും കുറ്റകരവുമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇത് കർശനമായി നിരീക്ഷിക്കാൻ ബാങ്കുകൾക്കും പേയ്മെന്റ് അഗ്രഗേറ്റർമാർക്കും നിർദ്ദേശം നൽകിയിട്ടുമുണ്ട്.
2,000 രൂപ വരെയുള്ള ഇടപാടുകൾക്ക് യാതൊരു ഫീസും ബാധകമല്ല. സാധാരണക്കാർ നടത്തുന്ന ദൈനംദിന യുപിഐ ഇടപാടുകളുടെ 95 ശതമാനത്തിലധികവും ഈ പരിധിയിൽ വരുന്നതിനാൽ അവ പൂർണ്ണമായും സൗജന്യമായി തുടരും. കൂടാതെ, വ്യക്തികൾ തമ്മിലുള്ള യുപിഐ ഇടപാടുകൾ സൗജന്യമായി തുടരും. 75,000 രൂപയോ അതിൽ കൂടുതലോ ഉള്ള വലിയ ഇടപാടുകൾക്ക് എംഡിആർ ഫീസ് പരമാവധി 300 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.
യുപിഐ ഇടപാടുകൾക്ക് നേരിട്ട് ജിഎസ്ടി ഇല്ലെങ്കിലും, വ്യാപാരികൾ നൽകുന്ന എംഡിആർ തുകയ്ക്ക്മേൽ 18 ശതമാനം ജിഎസ്ടി ബാധകമാണ്. എന്നാൽ ജിഎസ്ടി രജിസ്റ്റർ ചെയ്ത വ്യാപാരികൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ITC) വഴി ഈ നികുതി ഇളവ് കരസ്ഥമാക്കാൻ സാധിക്കും. യുപിഐ സംവിധാനം കൂടുതൽ സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിനും, ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് കൂടുതൽ കമ്പനികൾക്ക് പ്രവർത്തിക്കാനുള്ള വരുമാന മാതൃക സൃഷ്ടിക്കുന്നതിനുമാണ് ഈ പുതിയ മാറ്റം കൊണ്ടുവന്നിരിക്കുന്നത്.







Comments