
ഭരതനാട്യം എന്ന സിനിമയില് അഭിനയിക്കാന് സാധിക്കാശത പോയതിനെക്കുറിച്ചും , പിന്നീട് മോഹിനിയാട്ടം എന്ന ചിത്രത്തിലേക്ക് എത്തിയതിനെക്കുറിച്ചും തുറന്നുപറഞ്ഞ് നടന് വിനയ് ഫോര്ട്ട്. ഭരതനാട്യം സിനിമ തിയേറ്ററിലും ഒടിടിയിലും പരാജയപ്പെട്ടിട്ടും സംവിധായകന്റെ പോസിറ്റീവ് മനോഭാവവും, അദ്ദേഹത്തോടുള്ള കമ്മിറ്റ്മെന്റും കാരണമാണ് താന് മോഹിനിയാട്ടം സിനിമയുടെ ഭാഗമായതെന്ന് വിനയ് ഫോര്ട്ട് പറയുന്നു.സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.
‘കൃഷ്ണദാസ് എന്നോടാണ് ആദ്യം ഭരതനാട്യത്തിന്റെ കഥ പറയുന്നത്. പക്ഷേ എനിക്ക് അതിലേക്ക് എത്തിപ്പെടാനോ ആ കഥാപാത്രം ചെയ്യാനോ സാധിച്ചില്ല. സിനിമയിൽ സൈജു ചെയ്ത കഥാപാത്രം ആദ്യം എന്നോട് പറഞ്ഞതായിരുന്നു. ഒരുപാട് കാര്യങ്ങൾ ഒരുമിച്ച് ചേരുമ്പോഴാണല്ലോ ഒരു സിനിമ ഉണ്ടാകുന്നത്. അന്ന് എനിക്ക് അത് ചെയ്യാൻ സാധിച്ചില്ല. പക്ഷേ സൈജു അത് എന്നെക്കാൾ മനോഹരമായി ചെയ്തു.
ഭരതനാട്യം കഴിഞ്ഞിട്ട് ഞാൻ കൃഷ്ണദാസിനെ വിളിക്കുകയോ പ്രത്യേകിച്ച് ഫോളോ അപ്പ് ചെയ്യുകയോ ഒന്നും ചെയ്തിരുന്നില്ല. എന്നിട്ടും അദ്ദേഹം വീണ്ടും എന്റെ അടുത്തേക്ക് വന്നു. അങ്ങനെയാണ് മോഹിനിയാട്ടത്തിലെ കഥാപാത്രം എന്നോട് പറയുന്നത്. ഒരു സിനിമയുടെ ഭാഗമാകുമ്പോൾ സ്വാഭാവികമായും ഫിലിം മേക്കറോട് ഒരു കമ്മിറ്റ്മെന്റ് തോന്നും. അവരുടെ സിനിമയ്ക്ക് വേണ്ടി എന്തും ചെയ്യണമെന്നൊരു അവസ്ഥയിലേക്ക് നമ്മൾ എത്തും. അവർ പ്രത്യേകിച്ച് ഒന്നും ചെയ്യണമെന്നില്ല, പക്ഷേ അവരുടെ ഒരു എനർജി നമുക്ക് ഫീൽ ചെയ്യാൻ പറ്റും. അതെനിക്ക് അപ്പോ തോന്നി; വിനയ് പറഞ്ഞു.
ഭരതനാട്യം സിനിമ ഒടിടിയിലും വലിയ വിജയം നേടിയിരുന്നില്ല. ഇതിനെ പോലും വളരെ പോസിറ്റീവ് ആയിട്ടാണ് കൃഷ്ണ ദാസ് എടുത്തതെന്നും വിനയ് ഫോർട്ട് പറഞ്ഞു.‘ഏട്ടാ, ഭരതനാട്യം അറിയാല്ലോ അത് ഒ.ടി.ടി.യിൽ പൊട്ടി, തിയേറ്ററിലും പൊട്ടി. ഒ.ടി.ടി.യിൽ ഇറങ്ങിയപ്പോൾ കുറച്ച് ആളുകൾ നല്ലതെന്ന് പറഞ്ഞു. പക്ഷേ അടുത്ത ഈ സിനിമ തിയേറ്ററിൽ ഓടണം എന്നുള്ളതാണ് എന്റെ ആഗ്രഹം എന്നാണ് കൃഷ്ണദാസ് പറഞ്ഞത്. അങ്ങനെയാണ് ഞാൻ ആ സിനിമ ചെയ്തിട്ടുള്ളത്. പിന്നെ നല്ലൊരു ടീമായിരുന്നു. എല്ലാവര്ക്കും പടം വിജയിക്കണമെന്നുണ്ടായിരുന്നു,’ വിനയ് പറഞ്ഞു. .







Comments