
ബിഹാറിലെ പ്രളയബാധിതർക്ക് ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും വിതരണം ചെയ്യുന്നതിനിടെ ഉണ്ടായ അനിഷ്ട സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഹരിയാനയിൽ നിന്നെത്തിയ സന്നദ്ധപ്രവർത്തകരുടെ സംഘം പഴങ്ങൾ വിതരണം ചെയ്യുന്നതിനിടെയാണ് ജനക്കൂട്ടം സാധനങ്ങൾ പിടിച്ചുപറിക്കാൻ തുടങ്ങിയത്. ആളുകൾ കൂട്ടമായി എത്തി പഴങ്ങൾ കൈക്കലാക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് ആശയക്കുഴപ്പവും തിരക്കും ഉണ്ടായി.
ഹർ മൈദാൻ ഫതേ സൊസൈറ്റി എന്ന എൻജിഒയുടെ പ്രസിഡന്റ് സഹജ് ദുഗ്ഗൽ പങ്കുവെച്ച വീഡിയോയിലാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ ഉള്ളത്. പഴങ്ങൾ വിതരണം ചെയ്യാനെത്തിയ സംഘം ജനക്കൂട്ടത്തിൽ നിന്ന് പിന്നോട്ടുപോകുന്നതും സ്വയം സംരക്ഷിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. അതേസമയം, എല്ലാവരും ക്ഷമയോടെ കാത്തുനിൽക്കണമെന്നും ഓരോരുത്തർക്കും പഴങ്ങൾ ലഭിക്കുമെന്നും ദുഗ്ഗൽ ആളുകളോട് ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ അദ്ദേഹത്തിന്റെ അഭ്യർഥനകൾക്ക് കാര്യമായ പ്രതികരണം ലഭിച്ചില്ല. ‘അങ്ങനെ ചെയ്യരുത്’ എന്ന രീതിയിൽ ആളുകളോട് അപേക്ഷിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തെക്കുറിച്ച് ദുഗ്ഗൽ സോഷ്യൽ മീഡിയയിൽ നിരാശ പ്രകടിപ്പിക്കുകയും, വനിതാ സന്നദ്ധപ്രവർത്തകരും സംഘത്തോടൊപ്പം ഉണ്ടായിരുന്നുവെന്നും കുറിച്ചു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ സംഭവത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധി പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ വന്നത്. പ്രളയത്തെ തുടർന്ന് ദുരിതത്തിലായ ആളുകളുടെ അവസ്ഥ കൂടി പരിഗണിക്കണമെന്ന അഭിപ്രായവും ചിലർ പങ്കുവെച്ചു.
അതേസമയം, ഒരു വീഡിയോയിലെ ദൃശ്യങ്ങൾ മാത്രം ബിഹാറിലെ മുഴുവൻ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെയും ചിത്രം പ്രതിഫലിപ്പിക്കുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ദുഗ്ഗൽ പങ്കുവെച്ച മറ്റ് വീഡിയോകളിൽ സന്നദ്ധപ്രവർത്തകർ ക്രമമായ രീതിയിൽ ആളുകൾക്ക് പഴങ്ങൾ വിതരണം ചെയ്യുന്നതും കാണാം. ചില സ്ഥലങ്ങളിൽ കാൽമുട്ടോളം വെള്ളത്തിലൂടെയും ബോട്ടിലൂടെയും സഞ്ചരിച്ചാണ് സംഘം സഹായം എത്തിച്ചത്. കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് ബിഹാറിലെ നിരവധി ജില്ലകളിൽ വീടുകളും റോഡുകളും വെള്ളത്തിനടിയിലായിരിക്കുകയാണ്. ഏകദേശം 50 ലക്ഷം പേരെ പ്രളയം ബാധിച്ചതായാണ് റിപ്പോർട്ട്.







Comments