
ഫോണിൽ ഇംഗ്ലീഷിൽ സംസാരിച്ചതിന് അയൽവാസി ഫോൺ പിടിച്ചുവാങ്ങുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തെന്ന് ബെംഗളൂരുവിലെ നിക്ഷേപകനായ രാഹുൽ ഗുപ്ത. 11 വർഷം മുമ്പ് ഗുരുഗ്രാമിൽ വാടകയ്ക്ക് താമസിച്ചിരുന്ന സമയത്തുണ്ടായ അനുഭവമാണ് രാഹുൽ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. രാത്രി എട്ടുമണിയോടെ വീടിന് പുറത്തുകൂടി നടക്കുന്നതിനിടെ അമേരിക്കയിലെ ഒരു ഉപഭോക്താവുമായി ഫോണിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനിടെയാണ് അയൽവാസി രാഹുലിന്റെ ഫോൺ പിടിച്ചുവാങ്ങിയതെന്നാണ് അദ്ദേഹത്തിന്റെ പറയുന്നത്. ഇംഗ്ലീഷിൽ സംസാരിച്ചതിനെ ചോദ്യം ചെയ്ത അയൽവാസി, ‘കൂടുതൽ ഇംഗ്ലീഷ് കാണിക്കുകയാണല്ലേ’ എന്ന അർഥത്തിലുള്ള വാക്കുകള് സംസാരിക്കുകയും തന്നെ അടിക്കാൻ ശ്രമിച്ചെന്നും രാഹുൽ കുറിച്ചു. അപ്രതീക്ഷിതമായി ഉണ്ടായ സംഭവത്തിൽ നിന്ന് പിന്നീട് താൻ എങ്ങനെയാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം വിശദീകരിച്ചു.
ദേഷ്യത്തിലായിരുന്ന അയൽവാസിയെ കെട്ടിപ്പിടിച്ച് ശാന്തനാകാൻ ആവശ്യപ്പെട്ട ശേഷമാണ് അവിടെനിന്ന് ഓടിപ്പോയതെന്ന് രാഹുൽ മറ്റൊരു പ്രതികരണത്തിൽ പറഞ്ഞു. 11 വർഷം മുമ്പ് നടന്ന സംഭവമാണെങ്കിലും, അടുത്തിടെ ഗുരുഗ്രാമിലുണ്ടായ ഒരു റോഡ് റേജ് സംഭവവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് അദ്ദേഹം പഴയ അനുഭവം വീണ്ടും പങ്കുവെച്ചത്. ഇതോടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയായിരുന്നു.
രാഹുലിന്റെ പോസ്റ്റിന് പിന്നാലെ ഡൽഹി-എൻസിആർ മേഖലയുമായി ബന്ധപ്പെട്ട സമാന അനുഭവങ്ങൾ പങ്കുവെച്ച് നിരവധി പേരും കമന്റ് ചെയ്തു. വാഹനവുമായി ബന്ധപ്പെട്ട തർക്കങ്ങളും പൊതുസ്ഥലങ്ങളിലെ ആക്രമണങ്ങളും ഉൾപ്പെടെയുള്ള അനുഭവങ്ങളാണ് ചിലർ പങ്കുവെച്ചത്. അതേസമയം, രാഹുൽ പങ്കുവെച്ചത് 11 വർഷം മുമ്പ് തനിക്കുണ്ടായ വ്യക്തിപരമായ അനുഭവമാണെന്നും, സമീപകാല സംഭവവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഇത് സോഷ്യൽ മീഡിയയിൽ വീണ്ടും അവതരിപ്പിച്ചതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.







Comments