
കൽപ്പറ്റ: അനധികൃതമായി അളവിൽ കൂടുതൽ മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ തള്ളി. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്. നിലവില് മാനന്തവാടി ജില്ലാ ജയിലിൽ കഴിയുന്ന ആന്റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ്
കേസിൽ 14 ദിവസത്തേക്കാണ് ആന്റോയെ റിമാൻഡ് ചെയ്തിരിക്കുന്നത്. അതിനിടെ ആന്റോയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത മദ്യശേഖരത്തിൽ 12.75 ലിറ്റർ വ്യാജ മദ്യമാണെന്നാണ് എക്സൈസ് നിഗമനം. ഇത് കൂടുതൽ കുരുക്കിലേക്ക് കൊണ്ടെത്തിച്ചേക്കും.
ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടില് നിന്നും 138 മദ്യക്കുപ്പികള് പിടിച്ചതായാണ് എഫ്ഐആറിൽ പറയുന്നത്. ഇത് ഏകദേശം 67 ലിറ്റര് മദ്യം വരും. ആന്റോയ്ക്ക് എതിരേ നിയമവിരുദ്ധമായ മദ്യക്കടത്തും കൈവശം വെയ്ക്കലും അനധികൃത മദ്യവില്പ്പന, വില്പനയ്ക്കായി മദ്യം സൂക്ഷിക്കല്, നികുതിവെട്ടിച്ച് മദ്യം കൈവശം വെയ്ക്കല് തുടങ്ങിയവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങള്.
മെസ്സിയുടെ പേരില് തട്ടിപ്പ് നടത്തിയയെന്ന കേസില് റെയ്ഡിനെത്തിയ എസ്ഐടി സംഘം റിപ്പോര്ട്ടര് ടിവി ഓഫീസില്നിന്ന് 6300 ഡോളറും കണ്ടെടുത്തിയിരുന്നു. വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചിട്ടുണ്ടെങ്കില് നടപടി വേണമെന്ന് കേന്ദ്ര ഏജൻസികളോട് ആവശ്യപ്പെടും. എസ്ഐടി റെയ്ഡിന് പിന്നാലെയാണ് എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തിയത്.







Comments