
കാമുകനുമായുള്ള തർക്കത്തിനിടെ ലഖ്നൗവിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജാനേശ്വർ മിശ്ര പാർക്കിന് സമീപം മറ്റൊരു യുവതിക്കൊപ്പം കാമുകനെ കണ്ടതിനെ തുടർന്നാണ് യുവതി തർക്കത്തിലേർപ്പെട്ടതെന്നാണ് റിപ്പോർട്ട്. പിന്നാലെ കാറിൽ കയറി പോകാൻ ശ്രമിച്ച യുവാവിനെ തടയാനായി യുവതി വാഹനത്തിന് മുന്നിലെത്തുകയായിരുന്നു.
കാർ മുന്നോട്ട് നീങ്ങിയതോടെ യുവതി ബോണറ്റിലേക്ക് കയറി വാഹനത്തിൽ പിടിച്ചുനിൽക്കുകയായിരുന്നു. വാഹനം പതുക്കെ മുന്നോട്ട് നീങ്ങുന്നതിനിടയിലും യുവതി കാറിന്റെ ബോണറ്റിൽ കിടന്ന് ഡ്രൈവറോട് നിർത്താൻ ആവശ്യപ്പെടുന്നത് ദൃശ്യങ്ങളിൽ കാണാം. താൻ മരിക്കില്ലെന്നും എന്ത് ചെയ്താലും കാർ നിർത്തണമെന്നും യുവതി വിളിച്ചുപറയുന്നതും കാറിന്റെ ബോണറ്റിൽ കൈകൊണ്ട് അടിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
എന്നാൽ വാഹനം പിന്നീട് വേഗത കൂട്ടുകയായിരുന്നു. കുറച്ചുദൂരം ബോണറ്റിൽ കിടന്ന യുവതിക്ക് പിടിച്ചുനിൽക്കാനാകാതെ റോഡിലേക്ക് വീഴുകയായിരുന്നു. തുടർന്ന് കാർ നിർത്താതെ ഓടിച്ചുപോയെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയതായി റിപ്പോർട്ടുണ്ട്. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. പിന്നാലെ പ്രതിയായ ഷഹ്നവാസ് അഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്ത് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഭവത്തിന്റെ പൂർണ സാഹചര്യവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന മറ്റ് വീഡിയോകളുടെ ആധികാരികതയും പോലീസ് പരിശോധിച്ചുവരികയാണ്.







Comments