
ഡാർജിലിങ്ങിലെ മലനിരകളിൽ ഹണിമൂൺ ആഘോഷിക്കാനെത്തിയ നവദമ്പതികൾക്ക് നേരിട്ടത് ഞെട്ടിക്കുന്ന ദുരന്തം. സിറ്റോങ്ങിലെ ഹോംസ്റ്റേയിൽ ബാർബിക്യൂയ്ക്കിടെ പെട്ടെന്ന് തീ ആളിപ്പടർന്നതോടെ നവവധുവായ നികിത സാഹയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. സെപ്റ്റംബർ 13ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഭർത്താവ് സൗവിക് ദാസിന്റെ പരാതിപ്രകാരം, വൈകുന്നേരം ദമ്പതികൾ ഹോംസ്റ്റേയിലെ തീക്കുണ്ഡത്തിന് സമീപം ഇരിക്കുകയായിരുന്നു. രാത്രി 8.22 ഓടെ ഹോംസ്റ്റേയിലെ ഒരു ജീവനക്കാരൻ തിരിച്ചറിയാനാകാത്ത ദ്രാവകം തീയിൽ ഒഴിച്ചെന്നാണ് ആരോപണം. ഇതിന് പിന്നാലെ തീ പെട്ടെന്ന് ആളിപ്പടർന്ന് നികിതയുടെ ദേഹത്തേക്ക് പടരുകയായിരുന്നു. ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സൗവിക്കിന്റെ കൈക്കും പൊള്ളലേറ്റതായി പരാതിയിൽ പറയുന്നു.
സംഭവത്തിന് പിന്നാലെ ഹോംസ്റ്റേയിൽ ആവശ്യമായ അടിയന്തര സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും പരാതിയിൽ ആരോപണമുണ്ട്. തീ അണയ്ക്കാൻ ഫയർ എക്സ്റ്റിൻഗ്വിഷർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമായിരുന്നില്ലെന്നാണ് ഭർത്താവിന്റെ ആരോപണം. സംഭവത്തിന് ശേഷം ചികിത്സയ്ക്കായി ദമ്പതികൾ സിലിഗുരിയിലേക്ക് യാത്ര ചെയ്യുകയും ആദ്യം സെവോക്ക് റോഡിലെ ആശുപത്രിയിലെത്തിക്കുകയും തുടർന്ന് നികിതയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് സൗവിക് സെപ്റ്റംബർ 16 ന് കുർസിയോങ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഹോംസ്റ്റേ അധികൃതർക്കും തീയിൽ ദ്രാവകം ഒഴിച്ചെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. അതേസമയം, പരാതിയിലെ ആരോപണങ്ങൾ പോലീസ് അന്വേഷണത്തിന് വിധേയമാണ്. തീപിടിത്തത്തിലേക്ക് നയിച്ച യഥാർഥ സാഹചര്യം സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച ശേഷമേ വ്യക്തമാകൂ.







Comments