
കൊച്ചി: അബ്കാരി കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളി. ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് ആന്റോ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഹർജി പരിഗണിച്ചത്.
ബുധനാഴ്ച വൈകിട്ട് മുട്ടിൽ ഗ്രാമപഞ്ചായത്തിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 43.850 ലിറ്റർ വിദേശനിർമിത മദ്യവും വൈനും ഉൾപ്പെടെയുള്ളവ എക്സൈസ് സംഘം പിടികൂടിയിരുന്നു. തുടർന്ന് അബ്കാരി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതിന് പിന്നാലെ ഇന്നലെ രാവിലെ എറണാകുളത്തുനിന്ന് ആന്റോയെ അറസ്റ്റ് ചെയ്തു.
തനിക്കെതിരെ ഗൂഢാലോചന നടക്കുകയാണെന്നും വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തർക്കമുണ്ടെന്നും ആന്റോ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി. വീട് തന്റെ പേരിലല്ലെന്നും കേസ് നിലവിലുള്ളതിനാൽ കോടതി അറ്റാച്ച്മെന്റിന്റെ പരിഗണനയിലാണെന്നും അതിനാൽ തന്റെ പേരിൽ കേസെടുക്കാനാകില്ലെന്നുമായിരുന്നു വാദം.
പിടിച്ചെടുത്ത മദ്യത്തിൽ 12.75 ലിറ്റർ വ്യാജമദ്യമാണെന്ന് എക്സൈസ് കോടതിയെ അറിയിച്ചു. എന്നാൽ ഇത് വ്യാജമദ്യമല്ലെന്നും വീട്ടിൽ നിർമിച്ച വൈനാണെന്നും ആന്റോ വാദിച്ചു. ശാസ്ത്രീയ പരിശോധന നടത്താതെയാണ് വ്യാജമദ്യമെന്ന് പറയുന്നതെന്നും ഇത് തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണെന്നും ജാമ്യാപേക്ഷയിൽ ആരോപിച്ചു.







Comments