
തിരുവനന്തപുരം: കേരളത്തിന്റെ ദീർഘകാല ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ ഫ്ലോട്ടിംഗ് സോളാർ, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ നടപ്പാക്കുന്നത് സർക്കാർ ഗൗരവമായി പരിഗണിക്കുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്ര, കാലാവസ്ഥാ സാഹചര്യങ്ങൾക്ക് അനുയോജ്യമായ നൂതന പദ്ധതികളിലൂടെ മാത്രമേ ഊർജ പ്രതിസന്ധിക്ക് പരിഹാരം കാണാനാകൂവെന്നും മന്ത്രി പറഞ്ഞു.
സ്ഥലപരിമിതിയും കാലാവസ്ഥാ വ്യതിയാനവും കാരണം സൗരോർജ, കാറ്റാടി പദ്ധതികൾ വലിയതോതിൽ നടപ്പാക്കുന്നതിന് പരിമിതികളുണ്ട്. ഈ സാഹചര്യത്തിൽ ഫ്ലോട്ടിംഗ് സോളാർ, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾക്കൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കമ്മ്യൂണിറ്റി തലത്തിലുള്ള ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങളും വികസിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, നിലവിലെ ഊർജ പ്രതിസന്ധിക്ക് ഏറ്റവും പ്രായോഗികമായ പരിഹാരമെന്ന നിലയിൽ ഊർജ സംരക്ഷണം സർക്കാർ നയത്തിന്റെ ഭാഗമാക്കണമെന്ന് ഊർജ വകുപ്പ് സെക്രട്ടറി കൂടിയായ കെഎസ്ഇബി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. എം.ജി. രാജമാണിക്യം ഐ.എ.എസ്. പറഞ്ഞു.
കൂടുതൽ ആളുകൾ പുരപ്പുറ സോളാർ സംവിധാനങ്ങൾ സ്ഥാപിക്കുമ്പോഴും തങ്ങൾ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവിനെക്കുറിച്ച് പലർക്കും വ്യക്തമായ ധാരണയില്ല. വൈദ്യുതി ഉപഭോഗത്തെക്കുറിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കുന്നതിനും ഊർജ സംരക്ഷണത്തിന് ജനങ്ങളെ സജ്ജരാക്കുന്നതിനും പ്രത്യേക സംവിധാനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.







Comments