
ഹൃത്വിക് റോഷന്റെ അച്ഛന് എന്നതിലുപരി നടന്, സിനിമാ സംവിധായകന്, നിർമാതാവ് എന്നീ നിലകളില് തിളങ്ങി നിന്നിരുന്ന താരമാണ് രാകേഷ് റോഷൻ. സോഷ്യല് മീഡിയയിലും തിളങ്ങി നില്ക്കുന്ന താരം തന്റെ ക്യാന്സര് അതിജീവന യാത്രയെക്കുറിച്ച് പല തവണ പങ്കുവച്ചിട്ടുണ്ട്. 2018 ലാണ് രാകേഷിന് തൊണ്ടയിലെ ക്യാൻസർ പ്രാഥമിക ഘട്ടത്തിലാണെന്ന് സ്ഥിരീകരിച്ചത്, 2019 ജനുവരിയിൽ താരം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തു. ക്യാന്സറുണ്ടെന്നറിഞ്ഞ ശേഷം ചികിത്സ നേടുകയും പിന്നീടതിനെ ആത്മധൈര്യത്തോടെ നേരിടുകയും ചെയ്ത രാകേഷ് റോഷന്റെ ജീവിതം പലര്ക്കുമൊരു പ്രചോദനമാണ്.
ഇപ്പോഴിതാ കാൻസർ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ്, തന്റെ പിതാവ് കൃത്യം രണ്ട് മണിക്കൂറോളം വർക്ക്ഔട്ട് ചെയ്തിരുന്നു എന്ന് പറയുകയാണ് മകള് സുനൈന റോഷന്. കാൻസർ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലേക്ക് പോകുന്നതിന് തൊട്ടുമുമ്പാണ് രണ്ടു മണിക്കൂര് അച്ഛന് വര്ക്കൗട്ട് ചെയ്തതെന്നും ശരിക്കുമത് അത്ഭുതപ്പെടുത്തിയെന്നുമാണ് സുനൈന പറയുന്നത്.
‘‘ശസ്ത്രക്രിയയ്ക്കായി പോയ അന്ന്, ഹോസ്പിറ്റലിലേയ്ക്ക് ഇറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് അച്ഛൻ വ്യായാമം ചെയ്തിരുന്നു...’’ എന്നാണ് സുനൈന പറയുന്നത്.
‘‘ഞാൻ ഇത്തരം കാര്യങ്ങളെക്കുറിച്ച് ആശങ്കപ്പെടാറില്ല, കാരണം എനിക്ക് ദൈവത്തില് വിശ്വാസമുണ്ട്. അവൻ എന്നെ സംരക്ഷിക്കുമെന്ന് എനിക്കറിയാം. അതിനാല് ഞാൻ ഒന്നര മുതല് രണ്ട് മണിക്കൂർ വരെ വ്യായാമം ചെയ്തു. നിങ്ങള്ക്ക് വിശ്വാസമുണ്ടെങ്കില്, എല്ലാം നല്ല രീതിയില് നടക്കും...’’ മറുപടിയായി രാകേഷ് റോഷൻ പറഞ്ഞു.
‘കാൻസർ കാലത്ത് വ്യായാമം ചെയ്യാതിരുന്നപ്പോള് എങ്ങനെയുണ്ടായിരുന്നു’ എന്നായിരുന്നു സുനൈനയുടെ അടുത്ത ചോദ്യം. ‘‘എനിക്ക് വല്ലാത്ത വിഷമം തോന്നിയിരുന്നു. എന്നാല് എനിക്ക് വീണ്ടും വ്യായാമം ചെയ്യാൻ സാധിക്കുമെന്ന് തോന്നിയ ഉടൻ തന്നെ ഞാൻ അത് വൈകിപ്പിച്ചില്ല. ഞാൻ ചെറിയ ചില വ്യായാമങ്ങളിലൂടെയാണ് തുടങ്ങിയത്, കൈകള് മുകളിലേക്കും താഴേക്കും ചലിപ്പിച്ചു. എന്റെ ഡ്രസ്സിംഗ് റൂമില് നിന്നാണ് ഞാൻ തുടങ്ങിയത്. 5, 7, 8 മിനിറ്റുകള്. പിന്നീട് പതുക്കെ, ഞാൻ എന്റെ പഴയ വർക്ക്ഔട്ട് ദിനചര്യയിലേക്ക് തിരികെ എത്തി...’’ രാകേഷ് റോഷന് പറഞ്ഞു. സുനൈനയ്ക്കൊപ്പമുള്ള പോഡ്കാസ്റ്റിലാണ് രാകേഷ് റോഷന് മനസ്സു തുറന്നത്. കാൻസർ അതിജീവിച്ച രാകേഷ്, ഫിറ്റ്നസിന്റെ കാര്യത്തില് എക്കാലത്തും അതീവ താല്പര്യമുള്ള വ്യക്തിയാണ്. ചികിത്സാ കാലയളവിലും അതിനു ശേഷവും ഈ അച്ചടക്കം രാകേഷ് തുടർന്നുപോരുന്നുണ്ട്.







Comments