
ന്യൂഡല്ഹി: റഷ്യക്കെതിരെ അമേരിക്ക ചുമത്തിയ ഉപരോധ ബില്ലില് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് ഒപ്പുവെച്ചു. റഷ്യയില് നിന്ന് എണ്ണയും വാതകവും വാങ്ങുന്ന രാജ്യങ്ങള്ക്ക് 100 ശതമാനം വരെ തീരുവ (താരിഫ്) ചുമത്താന് ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. ഇത് ഇന്ത്യക്കും ചൈനക്കും തിരിച്ചടിയാകാന് സാധ്യതയുണ്ട്. റിപ്പബ്ലിക്കന് പാര്ട്ടിക്ക് ഭൂരിപക്ഷമുള്ള പ്രതിനിധി സഭ 159നെതിരെ 262 വോട്ടുകള്ക്ക് ബില് പാസാക്കി രണ്ട് ദിവസത്തിന് ശേഷമാണ് ട്രംപ് ഇതിന് അംഗീകാരം നല്കിയത്.
ഈ വര്ഷം ജൂലൈയില് അന്തരിച്ച, യുക്രെയ്ന്റെ ഉറച്ച പിന്തുണക്കാരനായിരുന്ന സെനറ്റര് ലിന്ഡ്സി ഗ്രഹാമിന്റെ ഓര്മ്മയ്ക്കായി 'ലിന്ഡ്സി ഒ ഗ്രഹാം സാങ്ഷനിംഗ് റഷ്യ ആന്ഡ് ഇറാന് ആക്ട് ഓഫ് 2026' എന്നാണ് ബില്ലിന് പേരിട്ടിരിക്കുന്നത്. യുക്രെയ്നെതിരായ യുദ്ധത്തിന് റഷ്യ കണ്ടെത്തുന്ന സാമ്പത്തിക സ്രോതസ്സുകള് തടയുകയാണ് ഈ നിയമത്തിന്റെ ലക്ഷ്യം.
റഷ്യന് ഉദ്യോഗസ്ഥര്, ബാങ്കുകള്, ഊര്ജ്ജ മേഖലകള്, റഷ്യന് സൈന്യത്തെ സഹായിക്കുന്ന വിദേശ സ്ഥാപനങ്ങള് എന്നിവയെ ബില് ലക്ഷ്യമിടുന്നു. റഷ്യയില് നിന്നുള്ള എണ്ണ, വാതക ഇറക്കുമതി കുറയ്ക്കുന്നതിനായി റഷ്യയുമായി ഇടപാട് നടത്തുന്ന രാജ്യങ്ങള്ക്ക് മേല് തീരുവ ചുമത്താന് നിയമം ട്രംപിന് അധികാരം നല്കുന്നു.
ഹൗസ് വേസ് ആന്ഡ് മീന്സ് കമ്മിറ്റിയുടെ അഭിപ്രായത്തില്, റഷ്യന് ഉല്പ്പന്നങ്ങള്ക്ക് 500 ശതമാനം വരെ തീരുവ ചുമത്താന് ബില്ലില് നിര്ദ്ദേശമുണ്ട്. കൂടാതെ, റഷ്യയില് നിന്ന് വന്തോതില് ഊര്ജ്ജം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലെ ഉല്പ്പന്നങ്ങള്ക്ക് 100 ശതമാനം വരെ തീരുവയും ഇത് വ്യവസ്ഥ ചെയ്യുന്നു. റഷ്യന് പ്രസിഡന്റ് വ്ളാഡിമിര് പുടിനും മറ്റ് മുതിര്ന്ന ഭരണാധികാരികള്ക്കുമെതിരെയുള്ള ഉപരോധങ്ങളും ബില്ലില് ഉള്പ്പെടുന്നു. ഇന്ത്യയ്ക്കായിരിക്കും ഇത് ഏറ്റവും തിരിച്ചടിയാകുക എന്നാണ് കരുതുന്നത്.
അമേരിക്ക ഔദ്യോഗികമായി നികുതി നിരക്കുകള് പ്രഖ്യാപിച്ചാല് മാത്രമേ ഇന്ത്യന് കയറ്റുമതിയില് ഇതിന്റെ കൃത്യമായ ആഘാതം വ്യക്തമാകൂ. ഡെമോക്രാറ്റിക് കോണ്ഗ്രസ് അംഗം സ്റ്റെനി ഹോയര് കൊണ്ടുവന്ന ഭേദഗതിയില് ഇന്ത്യ, ചൈന, യു.എ.ഇ, തുര്ക്കി, സിംഗപ്പൂര്, അസര്ബൈജാന്, കസാഖിസ്ഥാന്, ഹംഗറി, കിര്ഗിസ്ഥാന്, സ്ലൊവാക്യ എന്നീ 10 രാജ്യങ്ങള്ക്ക് മേല് 100 ശതമാനം വരെ തീരുവ ചുമത്താന് നിര്ദ്ദേശിച്ചിരുന്നു. എന്നാല് ഈ ഭേദഗതി ഇന്ത്യക്ക് മേല് നേരിട്ട് 100 ശതമാനം തീരുവ ചുമത്തുന്നില്ല. ട്രംപ് തനിക്ക് ലഭിച്ച അധികാരം ഉപയോഗിക്കാന് തീരുമാനിച്ചാല് മാത്രമേ ഇന്ത്യക്ക് മേല് ഈ തീരുവ വരികയുള്ളൂ.
ട്രംപ് ഇന്ത്യക്ക് മേല് 100 ശതമാനം തീരുവ ചുമത്തുകയാണെങ്കില്, നിര്ബന്ധിത തൊഴില് ഉപയോഗിച്ച് നിര്മ്മിക്കുന്ന ഉല്പ്പന്നങ്ങളുടെ ഇറക്കുമതി തടയുന്നതില് പരാജയപ്പെട്ടു എന്ന് ആരോപിച്ച് അമേരിക്ക നിലവില് ഇന്ത്യന് ഉല്പ്പന്നങ്ങള്ക്ക് മേല് ചുമത്തുന്ന 10 ശതമാനം പിഴ നികുതിക്ക് പുറമെയായിരിക്കും ഇത്. റഷ്യന് ക്രൂഡ് ഓയില് ഇറക്കുമതി ചെയ്തതിന് ട്രംപ് 25 ശതമാനം അധിക തീരുവയും 25 ശതമാനം പരസ്പര തീരുവയും ചുമത്തിയതിനെ തുടര്ന്ന് കഴിഞ്ഞ വര്ഷം ഇന്ത്യ-യു.എസ് ബന്ധം വരിഞ്ഞു മുറുകിയിരുന്നു. എന്നാല്, യു.എസ്-ഇന്ത്യ വ്യാപാര കരാറിന്റെ ഭാഗമായി 2026 ഫെബ്രുവരിയില് അധിക തീരുവ ഒഴിവാക്കുകയും പരസ്പര തീരുവ 18 ശതമാനമായി കുറയ്ക്കുകയും ചെയ്തിരുന്നു.







Comments