
തിരുവനന്തപുരം: സിഎംആര്എല്- എക്സാലോജിക് കേസില് വിജിലന്സ് അന്വേഷണത്തിന് സാധ്യത. മുഖ്യമന്ത്രിയുടെ നിലപാടായിരിക്കും ഇക്കാര്യത്തില് നിര്ണ്ണായകമാകുക. പ്രാഥമിക അന്വേഷണത്തിന് ഉത്തരവ് ഇടാനാണ് സാധ്യതയെന്നാണ് വിവരം. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും തീരുമാനം. ചൊവ്വാഴ്ച അന്വേഷണം സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയേക്കും.
പുതിയ തെളിവുകള് പരിഗണിക്കാമെന്ന് എ.ജി. നിയമോപദേശം നല്കിയ സാഹചര്യത്തില് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില് അന്തിമ തീരുമാനം വരിക. ഇന്നലെ രാത്രിയോടെയാണ് അഡ്വക്കേറ്റ് ജനറല് നിയമോപദേശം ഹോം സെക്രട്ടറിക്ക് കൈമാറിയത്. നിയമോപദേശം ഇന്ന് രമേശ് ചെന്നിത്തലയ്ക്ക് കൈമാറും.
പിണറായിക്കും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം ആകാമെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. ഏത് അന്വേഷണം നടത്തണമെന്ന് സര്ക്കാരിന് തീരുമാനിക്കാം. ഇ ഡി അയച്ച കത്തിലെ രേഖകള് അന്വേഷണത്തിന് പര്യാപ്തമാണെന്നുമാണ് അഡ്വക്കേറ്റ് ജനറലിന്റെ നിലപാട്. അതേസമയം കോണ്ഗ്രസില് ഇ.ഡി. കത്തില് അന്വേഷണം നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യത്തില് ഭിന്നാഭിപ്രായം ഉണ്ടെന്നാണ് വിവരം.
ഇ.ഡി.യ്ക്ക് പിന്നാലെ പോയാല് രാഷ്ട്രീയമായി ഉത്തരം പറയേണ്ടി വരും എന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. രാഹുല്ഗാന്ധി അടക്കമുള്ളവര് ഇ.ഡി.യെ കേന്ദ്രത്തില് എതിര്ക്കുന്ന കോണ്ഗ്രസിന് രാഷ്ട്രീയമായി മറുപടി നല്കേണ്ടി വരുമെന്ന് അവര് ചൂണ്ടിക്കാട്ടുന്നു. കോണ്ഗ്രസിന്റെ ദേശീയ നേതാക്കള് അടക്കം ഉത്തരം പറയേണ്ടി വരും. പാര്ട്ടിയിലെ ഒരു വിഭാഗം അന്വേഷണം വേണമെന്ന ശക്തമായ നിലപാട് എടുക്കുന്നുണ്ട്.
പിണറായിയെയും മുഹമ്മദ് റിയാസിനെയും ടര്ഗറ്റ് ചെയ്തുള്ള നീക്കമായിട്ടാണ് ഇടതുപക്ഷം അന്വേഷണത്തെ എടുത്തിരിക്കുന്നത്. രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് തീരുമാനം. പിണറായിക്കും മുഹമ്മദ് റിയാസിനും എതിരേ കേസെടുക്കാനുള്ള നിയമോപദേശത്തില് പണം വാങ്ങിയിട്ടുള്ള രമേശ് ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കും എതിരേ കേസെടുക്കാന് നിയമോപദേശത്തില പറയുന്നുണ്ടോ എന്ന് അവര് ചോദിക്കുന്നു.







Comments