
പത്തനംതിട്ട: കോന്നി മെഡിക്കല് കോളജില് പതിനാറുകാരിക്ക് തെറ്റായ ചികിത്സ ലഭ്യമാക്കിയെന്ന സംഭവത്തില് ഇടപെട്ട സംസ്ഥാന ബാലാവകാശ കമ്മീഷന്. ഇക്കാര്യത്തില് സ്വമേധയാ കേസെടുത്തു. അടിയന്തര അന്വേഷണം നടത്തി പ്രാഥമിക റിപ്പോര്ട്ട് സമര്പ്പിക്കാന് മെഡിക്കല് വിദ്യാഭ്യാസ ഡയറക്ടറോടും ആശുപത്രി സൂപ്രണ്ടിനോടും കമ്മീഷന് നിര്ദേശം നല്കി.
ശ്വാസതടസ്സത്തെത്തുടര്ന്ന് ഈ മാസം 14-നാണ് കൂഴം സ്വദേശിയായ പെണ്കുട്ടി കോന്നി മെഡിക്കല് കോളജ് ഒ.പിയിലെത്തിയത്.
പരിശോധിച്ച ഡോക്ടറുടെ നിര്ദേശപ്രകാരം എക്സ്-റേ എടുത്തുവെങ്കിലും റേഡിയോളജി വിഭാഗം നല്കിയത് 88-കാരിയായ മറ്റൊരു രോഗിയുടെ റിപ്പോര്ട്ടായിരുന്നു. നട്ടെല്ലിന് വളവുണ്ടെന്നത് അടക്കമുള്ള എക്സേ്റേയുടെ അടിസ്ഥാനത്തില് ഫയലിലെ പ്രായ വ്യത്യാസമോ പേരോ പരിശോധിക്കാതെ ഡോക്ടര് ഈ എക്സ്-റേയുടെ അടിസ്ഥാനത്തില് കുട്ടിക്ക് മരുന്നുകള് കുറിച്ചുനല്കി.
കുട്ടിക്ക് ആശ്വാസം ലഭിക്കാത്തതിനെത്തുടര്ന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയില് ചികിത്സ തേടിയപ്പോഴാണ് ഗുരുതരമായ തെറ്റ് പുറത്തറിയുന്നത്. ഇതോടെ പെണ്കുട്ടിയുടെ കുടുംബം ജില്ലാ പൊലീസ് മേധാവിയെ സമീപിക്കുകയായിരുന്നു. മാധ്യമ വാര്ത്തകളുടെ കൂടി അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഉടനടിയുള്ള ഈ ഇടപെടല്. മെഡിക്കല് കോളേജിലെ എക്സ്റേയ്ക്ക് നല്കിയ റിസള്ട്ട് 88 വയസുകാരിയായ ദേവകിയമ്മയുടേതായിരുന്നു. ഇത് ശ്രദ്ധിക്കാതെയായിരുന്നു ഡോക്ടര് മരുന്ന് നല്കിയത്.







Comments