
കൊല്ലം: മില്മ മലബാര് മേഖല യൂണിയന് സര്ക്കാര് പിരിച്ചുവിട്ടത് ക്രമക്കേടുകളുടെ പശ്ചാത്തലത്തിലെന്ന് മന്ത്രി ബിന്ദുകൃഷ്ണ. എണ്ണമറ്റ ക്രമക്കേടുകള് പ്രഥമ ദൃഷ്ടിയാല് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും പാല്സംഭരണത്തില് ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നതായും ഗുണനിലവാരം കുറഞ്ഞ പാല് വിതരണം ചെയ്തതായും പറഞ്ഞു.
എന്ത് അഴിമതിയും കാണിച്ചിട്ട് രാഷ്ട്രീയപ്രേരിതം എന്ന കവചം തീര്ക്കല് കേരളത്തില് നടക്കില്ലല്ലോയെന്ന് മന്ത്രി പറഞ്ഞു. നീക്കം
രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു നേരത്തേ മില്മ ചെയര്മാന് കെ എസ് മണി നടത്തിയ ആരോപണം. എന്നാല് ക്ഷീരവികസന വകുപ്പിന് ലഭ്യമായ പരാതികളില് കാര്യമുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് നടപടിയെന്നാണ് മന്ത്രിയുടെ പ്രതികരണം.
രാഷ്ട്രീയമായി ഒന്നും ചെയ്യുന്നില്ല, അവിടെ രാഷ്ട്രീയത്തിന് പ്രസക്തിയില്ല. മില്മയുടെ നിലനില്പ്പ്, നല്ല രീതിയിലുള്ള മുന്നോട്ടുപോക്ക് അത് മാത്രമാണ് ക്ഷീരവികസന വകുപ്പിന്റെ ലക്ഷ്യം. ക്ഷീരവികസന വകുപ്പിന് ലഭ്യമായ പരാതികളില് കാര്യമുണ്ടെന്ന് ബോധ്യപ്പെട്ടു. തുടര്നടപടികള് നിയമപരമായിട്ട് തന്നെ മുന്നോട്ടു പോകും. ഡിപ്പാര്ട്ട്മെന്റ് തലത്തില് അന്വേഷണം ഉണ്ടാകുമെന്നും പറഞ്ഞു.
മലബാര് യൂണിയനില് ഒരു രൂപയുടെ പോലും അഴിമതി നടന്നിട്ടില്ലെന്നും ഫെഡറേഷന് പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മില്മ യൂണിയനുകള് പിരിച്ചുവിടുന്നതെന്നുമാണ് മുന് മില്മ ചെയര്മാന് കെഎസ് മണി പറഞ്ഞത്. കോട്ടയത്ത് വന് തോതില് അഴിമതി നടന്നു എന്ന വിവരങ്ങള് പുറത്തുവന്നിട്ടും എറണാകുളം യൂണിയന് പിരിച്ചുവിടുന്നില്ലെന്നും അദേഹം ചൂണ്ടിക്കാട്ടി.
മലബാര്, തിരുവനന്തപുരം യൂണിയനുകള് പിരിച്ചുവിട്ടതിന് പിന്നില് ദുരൂഹതയുണ്ട്. ഇതിനെതിരേ കോടതിയെ സമീപിക്കുമെന്നും മണി വ്യക്തമാക്കി. പിരിച്ചുവിടല് യൂണിയനുകള് പിടിച്ചെടുക്കാനുള്ള കോണ്ഗ്രസ് ശ്രമത്തിന്റെ ഭാഗമാണെന്നും ആരോപിച്ചു.







Comments