
തിരുവനന്തപുരം: ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുത്താൽ രാഷ്ട്രീയമായി നേരിടുമെന്ന് സിപിഎം. സിഎംആര്എൽ കേസിൽ പിണറായിക്കെതിരെ കേസെടുക്കാനുള്ള നിയമോപദേശം സിപിഎമ്മിനെ ലക്ഷ്യമിട്ടുള്ളതാണെന്ന് പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി പ്രതികരിച്ചു. പിണറായിക്കെതിരായ കേസ് പാർട്ടിക്കെതിരായ നടപടിയായി കണ്ട് പ്രതിരോധിക്കാനാണ് തീരുമാനം.
സംസ്ഥാനം കേന്ദ്ര ഏജൻസികൾക്ക് മുന്നിൽ മുട്ടുമടക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സമരപരിപാടികൾ സംഘടിപ്പിക്കാനാണണ് സിപിഎം ശ്രമിക്കുന്നത്. കോൺഗ്രസിന് കേന്ദ്രത്തിൽ ഒരു നയവും കേരളത്തിൽ മറ്റൊരു നയവുമാണെന്ന് പാർട്ടി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. രാഹുൽ ഗാന്ധി കേന്ദ്ര ഏജൻസികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമ്പോൾ കേരളത്തിൽ അത് ഉണ്ടാവുന്നില്ല എന്നാണ് വിമർശനം. ഇത് രാഷ്ട്രീയ ലക്ഷ്യമാണെന്നും പ്രതിപക്ഷത്തിന് അഭിപ്രായമുണ്ട്.
ആദ്യം മാസപ്പടി കേസായും പിന്നീട് കൈക്കൂലിയായും ഇപ്പോൾ ഹവാല ഇടപാടായും വളരുന്ന ഇ ഡി കേസ് പാർട്ടിയെ ലക്ഷ്യമിട്ടുളള രാഷ്ട്രീയ നീക്കമാണെന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തൽ. നേതൃത്വത്തെ കേസിൽ കുടുക്കി വിശ്വാസ്യത തകർത്ത് പാർട്ടിയെ പ്രതിസന്ധിയിലാക്കാനുളള കേന്ദ്ര ഏജൻസികളുടെ നീക്കത്തിന് യുഡിഎഫ് സർക്കാർ സഹായം നൽകുന്നു എന്നാണ് സിപിഎം ആരോപിക്കുന്നത്. അതേസമയം, ഇക്കാര്യത്തിൽ സിപിഐ എന്തു നിലപാട് സ്വീകരിക്കും എന്നതും പ്രധാനമാണ്.
സംസ്ഥാന സർക്കാർ കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ‘ ബി ’ ടീം ആണെന്ന് നേരത്തെ തന്നെ പ്രതിപക്ഷം ആക്ഷേപമുയർത്തിയിരുന്നു. ഇ ഡി നൽകിയ കത്ത് അനുസരിച്ച് കേസെടുക്കാൻ തീരുമാനിക്കുമ്പോൾ അക്കാര്യം വീണ്ടും ഉറപ്പിക്കാൻ സിപിഎം ശ്രമിക്കും. അതേസമയം ‘ചുവന്ന പുസ്തകം’ സംസ്ഥാന സർക്കാരിനു വിനയാകുമോ എന്നും കാണേണ്ടതുണ്ട്. രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും സംഭാവനകൾ സ്വീകരിച്ചതിന്റെ പട്ടികയിൽ പെട്ടതും പ്രതിപക്ഷം ആയുധമാക്കിയേക്കാം.







Comments