
തിരുവനന്തപുരം: മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം ജില്ലാകോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്. ഹർജി 23ന് പരിഗണിക്കും. സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് കളമശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു.
അതിനിടെ, അനുവദനീയമായതിലും അധികം മദ്യം കൈവശം വച്ച കേസിൽ ആന്റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയിൽ വിട്ടു. 24 മണിക്കൂർ കസ്റ്റഡിയാണ് അനുവദിച്ചത്. നാളെ ഉച്ചയ്ക്ക് 12 വരെയാണ് കസ്റ്റഡി. കസ്റ്റഡിയിൽ ലഭിച്ച ശേഷം ആന്റോയെ വിശദമായി ചോദ്യം ചെയ്യും.
മദ്യക്കേസിൽ ആന്റോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. ഹർജി ചൊവ്വാഴ്ച പരിഗണിക്കുന്നതിനായി മാറ്റി. നേരത്തെ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയും ജാമ്യാപേക്ഷ നിരസിച്ചിരുന്നു.
വയനാട് വാഴവറ്റയിലെ വീട്ടിൽനിന്ന് 67 ലിറ്റർ മദ്യമാണ് കണ്ടെത്തിയത്. എന്നാൽ വീട് ആന്റോ അഗസ്റ്റിന്റേതല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കേസിന്റെ ഭാഗമായി നേരത്തെ മറ്റൊരാൾക്ക് അറ്റാച്ച് ചെയ്ത് നൽകിയ വീടാണെന്നും വാദിച്ചു. എന്നാൽ 2025ൽ ആന്റോ അഗസ്റ്റിന്റെ പേരിൽ നികുതി അടച്ചതിന്റെ രേഖകൾ ഉൾപ്പെടെ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
ഇത്രയധികം മദ്യം എന്തിനാണ് സൂക്ഷിച്ചതെന്നും ആർക്കുവേണ്ടിയാണെന്നും മദ്യത്തിന്റെ ഉറവിടം എന്താണെന്നും അന്വേഷണ സംഘത്തിന് കണ്ടെത്തേണ്ടതുണ്ട്.







Comments