
ന്യൂഡൽഹി: ഡൽഹി സർവകലാശാല സ്റ്റുഡന്റ്സ് യൂണിയൻ തിരഞ്ഞെടുപ്പിൽ എൻഎസ്യു വിമത സ്ഥാനാർത്ഥിയായി മത്സരിച്ച് വൻ വിജയം നേടി ദീപാൻഷു ഷോകീൻ രാഷ്ട്രീയ രംഗത്തെ ചർച്ചയാകുന്നു. തുടക്കത്തിൽ എൻഎസ്യുഐയിൽ നിന്ന് ടിക്കറ്റ് തേടുകയും നാമനിർദ്ദേശം ഫയൽ ചെയ്യുകയും ചെയ്തെങ്കിലും, പിന്നീട് പിന്മാറാൻ ആവശ്യപ്പെട്ടപ്പോൾ ആ നിർദ്ദേശം തള്ളി അദ്ദേഹം സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു.
വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ദീപ്താൻഷു ഷോകീൻ തന്റെ നിലപാടുകൾ വ്യക്തമാക്കുകയുണ്ടായി. സത്യനികേതൻ സംഭവത്തിൽ മരണപ്പെട്ട വിദ്യാർത്ഥികൾക്ക് നീതി ലഭിക്കുന്നതുവരെ താൻ ചെരുപ്പ് ധരിക്കില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.രാഷ്ട്രീയത്തിൽ സജീവമല്ലാത്ത നിഷ്പക്ഷരായ സാധാരണ വിദ്യാർത്ഥികൾ തനിക്കൊപ്പം നിന്നതാണ് ഈ ചരിത്ര വിജയത്തിന് കാര്യമെന്നും അദ്ദേഹം പറഞ്ഞു. "ഇന്നത്തെ ജെൻ സി വോട്ടർമാർക്ക് കാര്യങ്ങൾ നന്നായി അറിയാം. അവരെ ആർക്കും എളുപ്പത്തിൽ കബളിപ്പിക്കാനാകില്ല," ദീപാൻഷു പറഞ്ഞു. എബിവിപിയുടെ ഇഷു മൗര്യയെയും (16,910 വോട്ടുകൾ), എൻഎസ്യുഐയുടെ വീർ ചത്രത്തിനെയും (4,313 വോട്ടുകൾ) വൻ ഭൂരിപക്ഷത്തിൽ പിന്തള്ളിയാണ് ദീപാൻഷു 30,615 വോട്ടുകൾ നേടി വൈസ് പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കിയത്.
സാധാരണ കുടുംബ പശ്ചാത്തലത്തിൽ നിന്ന് രാഷ്ട്രീയ പോരാട്ടത്തിലൂടെ ശ്രദ്ധേയമായ വിജയം നേടാൻ ദീപാൻഷുവിന് കഴിഞ്ഞു. ഡൽഹി പീരാഗർഹി സ്വദേശിയായ ദീപാൻഷുവിന്റെ പിതാവ് ഒരു ബസ് കണ്ടക്ടറാണ്, മാതാവ് അങ്കണവാടി ജോലിക്കാരിയും. ഭഗത് സിംഗ് കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ദീപാൻഷു സിവിൽ സർവീസിന് തയ്യാറെടുക്കണമെന്നായിരുന്നു പിതാവ് ആഗ്രഹിച്ചിരുന്നതെങ്കിലും, വിദ്യാർത്ഥി രാഷ്ട്രീയത്തോടുള്ള അടങ്ങാത്ത അഭിനിവേശം അദ്ദേഹത്തെ തിരഞ്ഞെടുപ്പിലേക്ക് നയിക്കുകയായിരുന്നു.
ഈ വർഷത്തെ തിരഞ്ഞെടുപ്പിൽ നാല് പ്രധാന പോസ്റ്റുകളിൽ മൂന്നും എബിവിപി സ്വന്തമാക്കി; പ്രസിഡന്റ്: എബിവിപിയുടെ യാഷ് ദബാസ് (24,576 വോട്ടുകൾ) - എൻഎസ്യുഐയുടെ വിജയ് ശങ്കർ മീണയെ (22,523 വോട്ടുകൾ) പരാജയപ്പെടുത്തി.വൈസ് പ്രസിഡന്റ്: ദീപ്താൻഷു ഷോകീൻ (സ്വതന്ത്ര സ്ഥാനാർത്ഥി) - 30,615 വോട്ടുകൾ നേടി ചരിത്ര വിജയം.സെക്രട്ടറി: എബിവിപിയുടെ റിയ ഛൗദ്രി (21,650 വോട്ടുകൾ). ജോയിന്റ് സെക്രട്ടറി: എബിവിപിയുടെ ലക്ഷ്യ രാജ് സിംഗ് (16,615 വോട്ടുകൾ). അതേസമയം, തിരഞ്ഞെടുപ്പിൽ എൻഎസ്യുഐക്ക് ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല.







Comments