
നഗോയ: ജപ്പാനിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിൽ സ്വർണ പ്രതീക്ഷയുമായി ഇന്ത്യയുടെ ബാഡ്മിന്റൺ താരം പി.വി. സിന്ധു. കരിയറിലെ നാലാമത്തെ ഏഷ്യൻ ഗെയിംസിനായി ജപ്പാനിലെത്തിയ സിന്ധു, മാധ്യമങ്ങൾക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സ്വർണ മെഡൽ ലക്ഷ്യത്തെക്കുറിച്ചും കരിയറിലെ നിർണായക മാറ്റങ്ങളെക്കുറിച്ചും സംസാരിച്ചു.
2014ൽ വെങ്കലവും 2018ൽ വെള്ളിയും നേടിയ സിന്ധുവിന്റെ ഇത്തവണത്തെ ലക്ഷ്യം സ്വർണം തന്നെയാണ്. പരിക്കുകളും തുടർച്ചയായ തോൽവികളും മൂലം കരിയറിൽ പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ ക്രിക്കറ്റ് താരം വിരാട് കോഹ്ലി നൽകിയ ഉപദേശമാണ് വഴിത്തിരിവായതെന്ന് സിന്ധു പറഞ്ഞു.
മത്സരഫലത്തെക്കുറിച്ച് അമിതമായി ചിന്തിച്ച് സമ്മർദ്ദത്തിലാകാതെ ബാഡ്മിന്റൺ പൂർണഹൃദയത്തോടെ ആസ്വദിക്കണമെന്നായിരുന്നു കോഹ്ലിയുടെ ഉപദേശം. ഈ വാക്കുകൾ മത്സരങ്ങളെ സമീപിക്കുന്ന തന്റെ കാഴ്ചപ്പാട് മാറ്റാൻ സഹായിച്ചെന്നും സിന്ധു വ്യക്തമാക്കി.
മുപ്പത് വയസ്സ് പിന്നിട്ടതോടെ കഠിന പരിശീലനത്തേക്കാൾ സ്മാർട്ട് പരിശീലനത്തിനാണ് മുൻഗണന നൽകുന്നതെന്നും പരിക്കുകൾ ഒഴിവാക്കി ശരീരം സംരക്ഷിക്കേണ്ടത് പ്രധാനമാണെന്നും താരം പറഞ്ഞു. ഹൃദയമിടിപ്പ്, ഉറക്കം, ശാരീരിക-മാനസിക സമ്മർദം എന്നിവ നിരീക്ഷിക്കാൻ കഴിഞ്ഞ ഒരു വർഷമായി ‘ട്രൂനോം’ ഉപകരണം ഉപയോഗിക്കുന്നുണ്ട്. ഇതിൽനിന്നുള്ള വിവരങ്ങൾ വിലയിരുത്തി ഓരോ ദിവസവും ചെയ്യേണ്ടതും ഒഴിവാക്കേണ്ടതുമായ പരിശീലനങ്ങൾ തീരുമാനിക്കാൻ സാധിക്കുന്നുണ്ടെന്നും സിന്ധു പറഞ്ഞു. യുവതാരങ്ങൾക്ക് വേഗത കൂടുതലാണെങ്കിലും തന്റെ അനുഭവസമ്പത്ത് ഉപയോഗിച്ച് അവരെ നേരിടാനാകുമെന്ന ആത്മവിശ്വാസവും സിന്ധു പങ്കുവെച്ചു.







Comments