
മലയാളികള്ക്ക് ഏറെ പ്രിയപ്പെട്ട പിന്നണി ഗായിക ആയിരുന്നു രാധിക തിലക്. മലയാളം സിനിമകള്ക്കായി 70ഓളം പാട്ടുകള് പാടിയ രാധിക 2015 സെപ്റ്റംബറില് ക്യാന്സര് രോഗം പിടിപെട്ട് മരണപ്പെട്ടു. 1989ല് 'പച്ചിലത്തോണി' എന്ന ചിത്രത്തിലൂടെ ഷിബു ചക്രവര്ത്തിയും ബേണി -ഇഗ്നേഷ്യസുമാണ് രാധികയെ മലയാള ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് ചുവടുവയ്പ്പിക്കുന്നത്.
ആ ചിത്രത്തിലെ 'പച്ചിലത്തോണിതുഴഞ്ഞ്....' എന്ന് തുടങ്ങുന്ന ഗാനം രാധിക മനോഹരമാക്കിയെങ്കിലും ആ സിനിമ വിജയം നേടാത്തതിനാല് ആ ഗാനം ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീടാണ് രാധികയുടെ 1991ല് ഇറങ്ങിയ ഒറ്റയാള് പട്ടാളത്തിലെ 'മായാമഞ്ചലില്..' എന്ന രാധിക പാടിയ ഗാനം ഹിറ്റായി മാറുന്നത്. ഗായിക സുജാതയുമായി അധികമാരും അറിയാത്ത ഒരു ബന്ധവും രാധികയ്ക്കുണ്ടായിരുന്നു. രാധികയുടെ വല്യമ്മയുടെ മകളായിരുന്നു സുജാത. സുജാതയുടെ അനിയത്തിയായി തന്നെയാണ് രാധിക മലയാളം സിനിമയില് അറിയപ്പെട്ടിരുന്നതും.
ഇപ്പോഴിതാ രാധികയുടെ ഓര്മ്മദിനത്തില് വൈകാരിക കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സുജാത മോഹന്. "പ്രിയപ്പെട്ട സഹോദരി, നീ ഇന്ന് ഞങ്ങളോടൊപ്പം ഇല്ലെങ്കിലും, നിന്നെ ഓർക്കാത്ത ഒരു ദിവസം പോലും കടന്നുപോകുന്നില്ല. നിന്റെ അഭാവം സൃഷ്ടിച്ച ശൂന്യത വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ കഴിയുന്നതിനും അപ്പുറമാണ്..." എന്നാണ് രാധികയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് സുജാത എഴുതിയിരിക്കുന്നത്. രാധിക മലയാള സിനിമ സംഗീതത്തിന്റെ വലിയൊരു നഷ്ടം തന്നെയാണ് എന്നാണ് ചിത്രത്തിന് താഴെ ആരാധകരും കുറിക്കുന്നത്.







Comments