
വയനാട്: മെസി തട്ടിപ്പുമായി ബന്ധപ്പെട്ട് ആന്റോ അഗസ്റ്റിൻ നൽകിയ മൊഴി കഴിഞ്ഞ സർക്കാരിനെതിരാണെന്ന് മന്ത്രി ഒ.ജെ. ജനീഷ്. നിലവിലെ മൊഴിയിൽ മറുപടി പറയേണ്ടത് പ്രതിപക്ഷമാണെന്നും മന്ത്രി പറഞ്ഞു.
ആന്റോ അഗസ്റ്റിനെതിരായ പരിശോധനയെ പ്രതിരോധിക്കാൻ രംഗത്തെത്തിയത് പ്രതിപക്ഷ നേതാക്കളാണ്. മെസി തട്ടിപ്പുമായി ബന്ധപ്പെട്ട പന്ത് ഒടുവിൽ പ്രതിപക്ഷത്തിന്റെ കോർട്ടിലെത്തുമെന്ന് മനസിലാക്കിയതിനാലാണ് പ്രതിരോധവുമായി അവർ രംഗത്തെത്തിയതെന്നും ജനീഷ് ആരോപിച്ചു.
കഴിഞ്ഞ സർക്കാരിന്റെ താൽപര്യവും കരാറിന് പിന്നിലുണ്ടായിരുന്നുവെന്നാണ് ആന്റോ തന്നെ പറയുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇത് അംഗീകരിക്കണമോ തള്ളിക്കളയണമോ എന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ അറിയാതെ എങ്ങനെയാണ് ഒരു സ്വകാര്യ സ്ഥാപനത്തിന് സ്പോൺസറാകാൻ കഴിയുകയെന്നും ജനീഷ് ചോദിച്ചു. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യാൻ കഴിയുമെന്നും അദ്ദേഹം ആരോപിച്ചു. സ്റ്റേഡിയത്തിൽ ലൈറ്റിംഗ് സംവിധാനം ഒരുക്കിയ സ്ഥാപനത്തിന് പോലും പണം നൽകിയിട്ടില്ലെന്നും എവിടെയാണ് പണം നിക്ഷേപിച്ചതെന്നും എത്ര ചെലവായെന്നും വ്യക്തതയില്ലെന്നും മന്ത്രി പറഞ്ഞു.







Comments