
നടൻ ആസിഫ് അലിയുടെ എളിമയെയും സഹജീവികളോടുള്ള പെരുമാറ്റത്തെയും വാനോളം പുകഴ്ത്തി എഴുത്തുകാരി ശാരദക്കുട്ടി. സഹജീവികളോട് ആത്മാർത്ഥമായ സ്നേഹവും കരുതലുമുള്ള വ്യക്തിയാണ് ആസിഫ് അലിയെന്നും അദ്ദേഹത്തിലെ ഈ നൈസർഗ്ഗികതയാണ് ഏവരെയും ആകർഷിക്കുന്നതെന്നും ശാരദക്കുട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചു.
അടുത്തിടെ ഒരു പൊതുപരിപാടിക്കിടെ, പുതിയ ഫോൺ സമ്മാനമായി ലഭിച്ച യുവാവിനോട് പഴയ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ട അവതാരകയെ സൗമ്യമായി തടയുകയും വേഗത്തിൽ തന്നെ പുതിയ ഫോൺ നൽകി ആ യുവാവിനെ ചേർത്തുപിടിക്കുകയും ചെയ്ത ആസിഫിന്റെ പ്രവർത്തിയെ ചൂണ്ടിക്കാണിച്ചാണ് പ്രതികരണം. അവതാരകമാർ കൈയടിക്ക് പ്രാധാന്യം നൽകുമ്പോൾ ആസിഫ് അലിക്ക് മാനുഷികതയാണ് വലുതെന്ന് ഈ സംഭവം വ്യക്തമാക്കുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു.
‘‘ ആസിഫ് അലിയെ നടനെന്ന നിലയിൽ വലിയ ഇഷ്ടമാണ്. സഹജീവികളോട് സഹജസ്നേഹവും കരുതലുമുള്ള വൃക്തി എന്ന നിലയിൽ അതിലേറെ സ്നേഹവും ബഹുമാനവുമുണ്ട്.
പുതിയ ഫോൺ സമ്മാനമായി കിട്ടിയ പയ്യനോട് പഴയ ഫോൺ ഒന്നു കാണിക്കൂ എന്നു പറഞ്ഞ അവതാരകയെ സൗമ്യമായി തടഞ്ഞ് പുതിയ ഫോൺ വേഗം തന്നെ സമ്മാനിച്ചാശ്ലേഷിച്ച ചടങ്ങാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം.
അവതാരകമാർക്ക് കയ്യടിയാണ് ലക്ഷ്യമെങ്കിൽ ആസിഫ് അലിക്ക് മാനുഷികതയേക്കാൾ വലുതല്ല ആൾക്കൂട്ടാരവങ്ങൾ. പണ്ട് പൊതു സദസ്സിൽ രമേശ് നാരായണനിൽ നിന്ന് നേരിട്ട ഒരപമാനം ആസിഫ് അർഹിക്കുന്ന ഒന്നായിരുന്നില്ലെന്ന് നമുക്കെല്ലാമറിയാമായിരുന്നെങ്കിലും രമേശ് നാരായണനേക്കാൾ ഫാൻ ബേസുള്ള ആസിഫ് അന്ന് കാണിച്ച സമചിത്തതയും പാകതയും ഇന്നും ഓർമ്മ യുണ്ട്.
ഇതൊന്നും ബോധപൂർവ്വം നന്മമരമാകാൻ ശ്രമിക്കുന്നവർക്ക് അനുകരിക്കാനുമാവില്ല. അയാളിലെ നൈസർഗ്ഗികതയാണ് അയാളുടെ പെരുമാറ്റങ്ങളിലെ ആകർഷണീയത.
ഒരു insult ഉണ്ടായിട്ട് പ്രതികരിച്ചു മിടുക്കനാകുന്നതിനേക്കാൾ എന്ത് സൗന്ദര്യമുണ്ടായിരുന്നു കൈ കൊണ്ട് തികച്ചും നൈസർഗ്ഗികമായി വന്ന ആ തടഞ്ഞു നിർത്തലിൽ.
മനുഷ്യൻ്റെ കരങ്ങൾ ചിലപ്പോൾ ദൈവത്തിൻ്റെ കരങ്ങളാകുന്നതിങ്ങനെയാണ്. ആസിഫിനോടുള്ള എൻ്റെ പരിധികളില്ലാത്ത സ്നേഹവും വാത്സല്യവും വീണ്ടും അടയാളപ്പെടുത്തട്ടെ.’’- ശാരദക്കുട്ടി ഫേസ്ബുക്കില് കുറിച്ചു.







Comments