
മോസ്കോ: മോസ്കോ നഗരത്തെ ലക്ഷ്യമിട്ട് നൂറുകണക്കിന് ഡ്രോണുകൾ ഉൾപ്പെടെ 1,000-ത്തിലധികം ഡ്രോണുകൾ ഒറ്റരാത്രികൊണ്ട് റഷ്യയിലേക്ക് തൊടുത്ത് യുക്രെയ്ൻ. റഷ്യൻ തലസ്ഥാനത്തിന് നേരെ നടന്ന "ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വലിയ ആക്രമണം" എന്നാണ് അധികൃതർ ഇതിനെ വിശേഷിപ്പിച്ചത്. രാജ്യത്തുടനീളം 1,100 യുക്രെയ്നിയൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, യുക്രെയ്നിലെ കീവിനു സമീപം രാത്രിയിലുണ്ടായ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ ഒരു അമ്മയും അവരുടെ രണ്ട് കുട്ടികളും കൊല്ലപ്പെട്ടതായി യുക്രെയ്ന്റെ അടിയന്തര സേനാ വിഭാഗം അറിയിച്ചു.
മോസ്കോ നഗരത്തെ ലക്ഷ്യമിട്ട ഡ്രോൺ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ഗവർണർ ആന്ദ്രേ വൊറോബിയോവ് അറിയിച്ചു. ഈ ആക്രമണത്തിൽ മോസ്കോയിലെ ഒരു എണ്ണ ശുദ്ധീകരണശാലയ്ക്കും ഒരു റെസിഡൻഷ്യൽ കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചു. റഷ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ മൂന്നാമത്തെയും അവസാനത്തെയും ദിവസമാണ് ഈ ആക്രമണങ്ങൾ നടന്നത്.
യുദ്ധത്തിന്റെ ആദ്യ ദിവസങ്ങളിൽ റഷ്യ പിടിച്ചെടുത്ത ഡൊനെറ്റ്സ്ക്, ലുഹാൻസ്ക്, കെർസൺ, സപോരിഷിയ എന്നീ നാല് യുക്രെയ്നിയൻ പ്രദേശങ്ങളിലും റഷ്യ പാർലമെന്ററി വോട്ടെടുപ്പ് നടത്തിയിരുന്നു. 2014-ൽ റഷ്യ പിടിച്ചെടുത്ത കരിങ്കടൽ പെനിൻസുലയായ ക്രിമിയയിലും വോട്ടെടുപ്പ് നടന്നു. അധിനിവേശ പ്രദേശങ്ങളിലെ ഈ വോട്ടെടുപ്പ് നിയമവിരുദ്ധമായാണ് യുക്രെയ്ൻ കാണുന്നത്.
റഷ്യയുടെ യുദ്ധയന്ത്രത്തിന് ധനസഹായം നൽകുന്ന ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ തകർക്കാനുള്ള കീവിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ ആക്രമണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കി സ്ഥിരീകരിച്ചു. എണ്ണ, ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ ആക്രമിക്കാൻ തദ്ദേശീയമായി വികസിപ്പിച്ച ഫ്ലെമിംഗോ , പെലിക്കൻ മിസൈലുകൾ ഉൾപ്പെടെയുള്ളവയും ഡ്രോണുകളും ഉപയോഗിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
റഷ്യ പൂർണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചതുമുതൽ, യുക്രെയ്ൻ കൂടുതൽ നൂതനമായ മിലിട്ടറി ഡ്രോൺ ശേഷികൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. റഷ്യൻ പ്രദേശത്തിന്റെ ഉള്ളിലേക്ക് ആക്രമണം നടത്താൻ കീവ് തദ്ദേശീയമായി നിർമ്മിച്ച ദീർഘദൂര ഡ്രോണുകളും മിസൈലുകളുമാണ് ഉപയോഗിക്കുന്നത്. യുക്രെയ്ന്റെ ഈ ഡ്രോൺ സാങ്കേതികവിദ്യ അന്താരാഷ്ട്ര തലത്തിൽത്തന്നെ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.
റഷ്യൻ ജനങ്ങളെ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കാൻ ഇടയാക്കുക, സമാധാന ചർച്ചകൾക്ക് പ്രസിഡന്റ് വ്ലാഡിമിർ പുടിന് മേലുള്ള സമ്മർദ്ദം വർദ്ധിപ്പിക്കുക എന്നിവയാണ് കീവിന്റെ തന്ത്രമെന്നാണ് റിപ്പോർട്ടുകൾ.ളതേസമയം, അധിനിവേശം അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി പുടിൻ ഇതുവരെ സൂചനയൊന്നും നൽകിയിട്ടില്ല.







Comments