
തിരുവനന്തപുരം: കനത്തനാശനഷ്ടം ഉണ്ടാക്കി സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയാണ് പ്രവചിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്, പാലക്കാട്, മലപ്പുറം ജില്ലകളില് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂര് ജില്ലകളില് ഒറ്റപ്പെട്ടയിടങ്ങളില് നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്നലെ പെയ്ത കനത്തമഴയില് വന് നാശനഷ്ടം റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മലപ്പുറം പൂക്കോട്ടുംപാടം കോട്ടപ്പുഴയില് ഇന്നലെ ഉണ്ടായ മലവെള്ള പാച്ചിലില് ഒഴുക്കില് അഞ്ചു മരണം റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. ഒഴുക്കില്പെട്ട ആറുപേരില് ഒരാള്ക്കായി തെരച്ചില് തുടരുകയാണ്. ഇടുക്കിയില് മണ്ണിടിച്ചിലില് രണ്ടു മരണം റിപ്പോര്ട്ട് ചെയ്തു. വട്ടവടയില് കനത്തമഴയില് കൃഷിയിടത്തിലെ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് മൂന്ന് പേരാണ് അപകടത്തില് പെട്ടത്. ഒരാളെ പരിക്കേറ്റ നിലയില് ആശുപത്രിയില് എത്തിച്ചു. ബാലകൃഷ്ണന് ചിന്നു എന്നിവരാണ് മരണമടഞ്ഞത്. അപകടത്തില്പെട്ട ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മ ആശുപത്രിയില് ചികിത്സയില് തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റു.
ഇടുക്കി അടിമാലിയില് ഉരുള്പൊട്ടല് സാധ്യത കണക്കിലെടുത്ത് അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാര്പ്പിച്ചു. കൊച്ചി ധനുഷ്കോടി ദേശീയപാതയില് പലയിടത്തും മരം വീണു. കോട്ടയം ജില്ലയുടെ കിഴക്കന് മേഖലയില് ഇന്നലെ ഉണ്ടായ ശക്തമായ മഴയില് രണ്ടിടങ്ങളില് ഉരുള്പൊട്ടലും മണ്ണിടിച്ചില് ഉണ്ടായി. പഴയ മൂന്നാറില് നിന്നും വാഹനങ്ങള് വഴിതിരിച്ചു വിടുകയാണ്. വാഹനങ്ങള് ഇടക പള്ളിക്ക് സമീപത്തുനിന്നും ഗ്യാപ്പ് റോഡില് പ്രവേശിച്ച ശേഷം പൊലീസ് സ്റ്റേഷന് സമീപമുള്ള പാലം കടന്ന് ടൗണില് എത്തണമെന്നാണ് അറിയിപ്പ്.
വാഗമണ് ഈരാറ്റുപേട്ട റോഡില് വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് തമിഴ്നാട് സ്വദേശിയായ വിനോദസഞ്ചാരി സംഗീത മരിച്ചു. സംഗീതയുടെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. പെരിങ്ങളത്ത് ഉറവപ്ലാവ് സ്വദേശി ജോസഫിന്റെ വീടിന് മുകളിലേക്കും മണ്ണിടിഞ്ഞുവീണു. മണ്ണിടിഞ്ഞുവീഴുന്ന സമയത്ത് ജോസഫിനെ കൂടാതെ വീട്ടില് രണ്ടു മക്കള് കൂടിയുണ്ടായിരുന്നു.
മക്കളെ രക്ഷിച്ചെങ്കിലും ജോസഫിന്റെ ജീവന് രക്ഷിക്കാനായില്ല. രണ്ടുമാസം മുന്പ് ഉണ്ടായ പ്രളയത്തില് ഉരുള്പൊട്ടല് സംഭവിച്ച മംഗളഗിരിഭാഗത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടായി. ഒരു വീട് പൂര്ണമായും ഒലിച്ചുപോയി. മീനച്ചിലാര് പല ഭാഗത്തും കരകയറി. വിവിധയിടങ്ങളില് ജലാശയങ്ങളിലെ ജലനിരപ്പ് ഉയര്ന്ന സാഹചര്യത്തില് താഴ്ന്ന പ്രദേശങ്ങളിലും പ്രത്യേക ജാഗ്രത വേണമെന്ന് നിര്ദ്ദേശമുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര് ജില്ലകളില് രാത്രി 8.30 വരെ ജാഗ്രതാ നിര്ദേശം നല്കിയിട്ടുണ്ട്. തീരദേശ മേഖലകളിലുള്ളവര് ജാഗ്രത പാലിക്കണമെന്നും അധികൃതര് നിര്ദേശിച്ചു.







Comments