
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞദിവസം വൈദ്യുതി ഉപഭോഗം ഗണ്യമായി കുറഞ്ഞതായി കെ.എസ്. ഇ.ബി. ഇന്നലെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലുമായി പെയ്ത കനത്ത മഴയില് ഈ മാസം ഇതുവരെ ഏറ്റവും കുറവ് ഉപഭോഗം രേഖപ്പെടുത്തിയ ദിവസമായിരുന്നു ഞായറാഴ്ചയെന്ന് കെ.എസ്.ഇ.ബി. പറയുന്നു. മഴ പെയ്ത സാഹചര്യം വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസവും നല്കിയിട്ടുണ്ട്.
ഇന്നലെ പരമാവധി കൂടിയ ഉപഭോഗം 4560 മെഗാവാട്ടാണ്. 20 ദിവസത്തിനിടെ വൈദ്യുതി നിയന്ത്രണം നിര്ബ്ബന്ധമല്ലാതിരുന്ന നാലാമത്തെ ദിവസമാണ് കടന്നുപോയത്. വൈദ്യുതി ഉപയോഗത്തില് കുറവുവന്നെന്നും പീക്ക് ടൈം ആവശ്യകത കുറഞ്ഞെന്നും കെഎസ്ഇബി വ്യക്തമാക്കി. ആവശ്യമായ വൈദ്യുതി ലഭിച്ചതോടെ നിയന്ത്രണം ഒഴിവാക്കാനായി. 12.45 വരെയും നിയന്ത്രണം വേണ്ടി വരില്ലെന്ന് കെഎസ്ഇബി അറിയിച്ചു. സെപ്റ്റംബര് ഒന്ന് മുതല് 20 വരെയുള്ള ദിവസങ്ങളില് ഏറ്റവും കുറവ് ഉപഭോഗം രേഖപ്പെടുത്തിയ ദിവസമാണിതെന്നും കെഎസ്ഇബി അറിയിച്ചു.
അതേസമയം വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വതപരിഹാരം കണ്ടെത്താനുള്ള നീക്കങ്ങള് സര്ക്കാര് തുടരുകയാണ്. എന്നിരുന്നാലും ഉയര്ന്നവിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള നീക്കത്തോട് ഇപ്പോഴും സര്ക്കാരിന് താല്പ്പര്യമില്ല. മറ്റു സംസ്ഥാനങ്ങളില് നിന്ന് വൈദ്യുതി വാങ്ങാനുള്ളത് ഉള്പ്പെടെയുള്ള കാര്യമാണ് ഇപ്പോള് പരിഗണിക്കുന്നത്. അതേസമയം ചര്ച്ചകള് പുരോഗമിക്കുന്നുണ്ടെങ്കിലും നീക്കുപോക്ക് ഉറപ്പായിട്ടില്ല.
രാജ്യത്താകമാനം ആവശ്യകത വലിയതോതില് വര്ധിച്ചതിനാല് പവര് എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയില് കാര്യമായ കുറവ് അനുഭവപ്പെടുകയാണ്. ദേശീയ തലത്തില് ഗ്രിഡ് കണ്ട്രോളര് ഓഫ് ഇന്ത്യ അറിയിച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂര്ണ്ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനില്ക്കുകയാണ്. അതേസമയം വരും ദിവസങ്ങളില് മഴ കനത്താല് അന്തരീക്ഷ താപനിലയില് വലിയ കുറവ് വരും. ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.







Comments