
തിരുവനന്തപുരം: കലാലയ രാഷ്ട്രീയത്തിന് തടയിടാനുള്ള കേരള സര്വകലാശാലയിലെ നീക്കത്തിന് തിരിച്ചടി. തയ്യാറാക്കിയ കരട് മാര്ഗ്ഗരേഖ നടപ്പാക്കേണ്ടെന്നും പുതിയ നിര്ദേശങ്ങള് തയ്യാറാക്കാനുമാണ് പുതിയ തീരുമാനം. വിദ്യാര്ത്ഥികളില് നിന്നും അഭിപ്രായം തേടി ഹൈക്കോടതിയെ അറിയിക്കും. പുറത്തുവന്ന കരട് മാര്ഗ്ഗരേഖയെ എതിര്ത്ത് പ്രതിപക്ഷം ശക്തമായി രംഗത്ത് വന്നിരുന്നു.
രാഷ്ട്രീയ സമരങ്ങള് പാടില്ല, ക്യാമ്പസ്സില് രാഷ്ട്രീയ മുദ്രാവാക്യങ്ങള് വിളിക്കരുത്, രാഷ്ട്രീയത്തിന്റെ ഭാഗമായി ധര്ണയോ ഉപരോധമോ പാടില്ല, ദേശവിരുദ്ധ പശ്ചാത്തലം ഉള്ളവരെ ക്ഷണിച്ചുള്ള പരിപാടികള് നടത്തരുത്, ഡിജിറ്റല് പ്ലാറ്റ്ഫോം വഴിയും രാഷ്ട്രീയ പ്രചാരണം പാടില്ല എന്നിങ്ങനെയാണ് കരട് രേഖയിലെ നിര്ദേശങ്ങള്.
പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണും കായികമന്ത്രി ജനീഷ്കുമാറും ഇന്നലെ രംഗത്തെത്തിയിരുന്നു. വിദ്യാര്ത്ഥി രാഷ്ട്രീയം അവസാനിപ്പിക്കാന് കേരള സര്വകലാശാല യാതൊരു തീരുമാനവും കൈക്കൊണ്ടിട്ടില്ല. തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി റോജി എം ജോണ് അഭിപ്രായപ്പെട്ടു.
കലാലയ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് സര്ക്കാരിന്റെ നയം. കോടതി നിര്ദ്ദേശപ്രകാരം കേരള സര്വകലാശാല സിന്ഡിക്കേറ്റ് ഉപസമിതിയെ നിയമിച്ചിരുന്നു. ഈ ഉപസമിതിയുടെ ചര്ച്ചകള്ക്കായി നിയമ സമിതി തയ്യാറാക്കിയ ഒരു രേഖ മാത്രമാണ് ഇപ്പോള് പുറത്തുവന്നിട്ടുള്ളതെന്നും പറഞ്ഞു. വിദ്യാര്ത്ഥി സംഘടനകളുടെ അഭിപ്രായം തേടി വീണ്ടും ചര്ച്ച ചെയ്ത് അംഗീകരിച്ചാല് മാത്രമേ ഇത് സര്വകലാശാലയുടെ മാര്ഗ്ഗനിര്ദ്ദേശമായി കണക്കാക്കൂ എന്നും പറഞ്ഞു.
സിന്ഡിക്കേറ്റ് തീരുമാനത്തിന് വിരുദ്ധമായാണ് കരട് രേഖയെന്നും വൈസ് ചാന്സിലര്മാര് മാത്രം തീരുമാനം എടുത്താല് അത് അംഗീകരിക്കില്ലെന്നും കായിക മന്ത്രി ഒ ജെ ജനീഷ് പ്രതികരിച്ചു. സിന്ഡിക്കേറ്റ് അംഗങ്ങളുമായി പോലും ചര്ച്ച ചെയ്യാതെയാണ് കരട് രേഖ പുറത്തിറക്കിയത്. സര്ക്കാര് അതിന് അനുകൂലമല്ല. സര്ക്കാരിന് കൃത്യമായ അഭിപ്രായം ഉണ്ട്. യൂത്ത് കോണ്ഗ്രസും അനുകൂലിക്കില്ല. കേരളത്തില് വിദ്യാര്ഥി രാഷ്ട്രീയം തെറ്റല്ലെന്നും പ്രധാന നേതാക്കള് വന്നത് വിദ്യാര്ത്ഥി രാഷ്ട്രീയത്തിലൂടെ ആണെന്നും ഒ ജെ ജനീഷ് പറഞ്ഞു. പുറത്തുവന്നത് ഒറിജിനല് രേഖ അല്ലെന്നും അത്തരം ഒരു രേഖ തയാറാക്കിയിട്ടില്ലെന്നുമാണ് കേരളാസര്വകലാശാല പറഞ്ഞത്.
വിവാദ കരട് മാര്ഗ്ഗരേഖ ബോധപൂര്വം പ്രചരിപ്പിച്ചതാണെന്നും 2005-ലെ എംജി സര്വകലാശാലയുടെ മാര്ഗ്ഗരേഖ പേര് മാറ്റി ഇറക്കിയതാണ്, അതാണ് ഉപസമിതിക്ക് തന്നത്. യോഗത്തില് എതിര്പ്പ് അറിയിച്ചിട്ടും മാര്ഗ്ഗരേഖ വിതരണം ചെയ്തു. അതില് നടപടി ആവശ്യപ്പെടും എന്നും സിന്ഡിക്കറ്റ് ഉപസമിതി അധ്യക്ഷന് അജയ് ജുവല് കുര്യാക്കോസ് വ്യക്തമാക്കി. ജനാധിപത്യ വിരുദ്ധമെന്നായിരുന്നു നേരത്തേ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രതികരണം.







Comments